ഭൂകമ്പബാധിത തുർക്കിയെ കേരളം സഹായിച്ചതിനെ വിമർശിച്ച് ശശി തരൂര്‍; കേന്ദ്ര സഹായം ഓർമിപ്പിച്ച് ജോണ്‍ ബ്രിട്ടാസ്

മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായാണ് കേരള സ‍ർക്കാർ തുർക്കിക്ക് സാമ്പത്തിക സഹായം നൽകിയതെന്ന് ജോൺ ബ്രിട്ടാസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു
ഭൂകമ്പബാധിത തുർക്കിയെ കേരളം സഹായിച്ചതിനെ വിമർശിച്ച് ശശി തരൂര്‍; കേന്ദ്ര സഹായം ഓർമിപ്പിച്ച് ജോണ്‍ ബ്രിട്ടാസ്
Published on

2023-ൽ ഭൂകമ്പം ബാധിച്ച തുർക്കിക്ക് കേരള സർക്കാർ നൽകിയ ധനസഹായത്തെ വിമർശിച്ച കോൺ​ഗ്രസ് എംപി ശശി തരൂരിനെതിരെ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിന്റെ സഹായത്തെ എടുത്ത് കാണിച്ച് വിമർശിക്കാൻ ശശി തരൂർ വ്യഗ്രത കാണിച്ചത് അമ്പരപ്പിച്ചുവെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. എൻഡിടിവി വാർത്ത ഉദ്ധരിച്ചുള്ള എക്സ് പോസ്റ്റിൽ  കേരളം തുർക്കിക്ക് നല്‍കിയ സഹായം വയനാട്ടിലെ ജനങ്ങൾക്കായിരുന്നു ലഭിക്കേണ്ടിയിരുന്നുവെന്നാണ് തരൂർ എക്സിൽ കുറിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് തു‍ർക്കി നൽകിയ പിന്തുണയിൽ ഇരുരാജ്യങ്ങൾക്കിടയിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന സഹാചര്യത്തിലാണ് ശശി തരൂരിന്റെ വിമർശനം.

മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായാണ് കേരള സ‍ർക്കാർ തുർക്കിക്ക് സാമ്പത്തിക സഹായം നൽകിയതെന്ന് ജോൺ ബ്രിട്ടാസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നത് പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ എന്ന നിലയിൽ അറിയാവുന്ന ശശി തരൂർ എന്തുകൊണ്ടു ഇത് വിസ്മരിച്ചുവെന്നും ജോൺ ​ബ്രിട്ടാസ് ചോദിക്കുന്നു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയവ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. ശശി തരൂർ. അദ്ദേഹത്തിനൊപ്പം മുൻപ് ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഇപ്പോൾ വിദേശ കാര്യ സ്ഥിരം സമിതിയിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ വിദേശസന്ദർശനത്തിനുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് വൈമുഖ്യം കാണിച്ചതിനെ തുറന്നെതിർക്കാനും ഞാൻ മടിച്ചിട്ടില്ല. എന്നാൽ, രണ്ടു വർഷംമുൻപ്, 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി കേരളം തുർക്കിക്ക് ധനസഹായം നല്കിയതിനെ എടുത്തുപറഞ്ഞു വിമർശിക്കാൻ ശശി തരൂർ വ്യഗ്രത കാണിച്ചത് എന്നെയും അമ്പരപ്പിക്കുകയാണ്. പാകിസ്ഥാനുമായി പ്രശ്നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളിൽപ്പോലും ആ രാജ്യത്തിനു സഹായം നല്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് തരൂരിന്റെ ഓർമ്മയിലില്ലേ എന്നും സിപിഐഎം എംപി ചോദിക്കുന്നു. വർഷങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനമനുസരിച്ചു നൽകിയ സഹായത്തെ സങ്കുചിതരാഷ്ട്രീയനേട്ടത്തിനായി കോൺ​ഗ്രസ് എംപി ഉപയോഗിക്കരുതായിരുന്നു എന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.

Also Read: നിലമ്പൂരിൽ എൽഡിഎഫിന് പ്രമുഖ സ്ഥാനാർഥി, പ്രഖ്യാപനം ഒരാഴ്ചയ്ക്കകം: എം.വി. ഗോവിന്ദൻ


മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ആഗോള പൗരനെന്ന നിലയിലും പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ എന്ന നിലയിലും ഇത് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്. എന്നിരിക്കേ, അദ്ദേഹം ഇത് എന്തുകൊണ്ടു വിസ്മരിച്ചു?


പാകിസ്ഥാനുമായി പ്രശ്നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളിൽപ്പോലും ആ രാജ്യത്തിനു സഹായം നല്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഓർമ്മയിലില്ലേ? 2005-ൽ ഭൂകമ്പവേളയിലും 2010-ൽ വെള്ളപ്പൊക്കമുണ്ടായപ്പോ‍ഴും രണ്ടര കോടി ഡോളർ വീതം ഇന്ത്യ പാകിസ്ഥാനു സഹായം നല്കിയിട്ടുണ്ട് – ഇന്നത്തെ വിലയ്ക്ക് 212 കോടി രൂപ. 2014-ൽ ജമ്മു-കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ പാകിസ്ഥാനു സഹായം നല്കാമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. 2022-ൽ പാകിസ്ഥാനിലെ മൂന്നിലൊന്നു ഭാഗവും വെള്ളത്തിനടിയിലായ വെള്ളപ്പൊക്കത്തിലും ഇന്ത്യ സഹായപ്രഖ്യാപനം നടത്തി.


തരൂർ ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ടായിരുന്നു – അദ്ദേഹത്തിന്റെ പാർട്ടി നയിച്ച രണ്ടാം യുപിഎ സർക്കാർ പാകിസ്ഥാനിൽ 2010-ൽ പ്രളയം വന്നപ്പോൾ അര കോടി ഡോളർ നല്കിയത്. രണ്ടു കോടി ഡോളർ യുഎന്നിലൂടെയും നല്കി. മൊത്തം കൊടുത്തത് രണ്ടര കോടി ഡോളർ- ഏകദേശം 212 കോടി രൂപ ! 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാന്റെ അതിഹീനമായ മുംബൈ ആക്രമണം. അതു ക‍ഴിഞ്ഞ് രണ്ടു കൊല്ലം ചെല്ലുമ്പോ‍ഴായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുപിഎ സർക്കാരിൽ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തികൂടിയാണ് തരൂർ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവശ്യം ഓർത്തിരിക്കേണ്ട അതു പോലും തരൂർ മറന്നത് എന്തുകൊണ്ട്?


ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ നയിച്ച് അമേരിക്കയിലേയ്ക്കു പുറപ്പെടുന്ന ഘട്ടത്തിലാണ് കേരള സർക്കാരിന്റെ വർഷങ്ങൾക്കു മുമ്പുള്ള നടപടി അനുസ്മരിച്ചു വിമർശിക്കാൻ തരൂർ തയ്യാറായത് എന്നതാണ് ഏറെ കൗതുകകരം. വർഷങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനമനുസരിച്ചു നല്കിയ സഹായത്തെ സങ്കുചിതരാഷ്ട്രീയനേട്ടത്തിനായി അദ്ദേഹം ഉപയോഗിക്കരുതായിരുന്നു. അദ്ദേഹത്തിൽനിന്ന് ഇതിലും മെച്ചപ്പെട്ട പ്രതികരണങ്ങൾ ആരും ആഗ്രഹിക്കും. എന്തിനായിരിക്കാം അദ്ദേഹം തന്റെ പദവി ഇടിച്ചുതാ‍ഴ്ത്തിയും കൃത്രിമ മറവി രോഗത്തിന് അടിമപ്പെട്ടും ഇത്തരമൊരു സാഹസികകൃത്യത്തിന് മുതിർന്നത്? ആരെ തൃപ്തിപ്പെടുത്താനാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com