"വാക്കാലോ രേഖാമൂലമോ ഒന്നും അറിയിച്ചിട്ടില്ല"; കോൺഗ്രസ് നേതൃത്വം താക്കീത് ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് ശശി തരൂർ

"ഞാൻ പാർട്ടിയുടെ വക്താവ് അല്ല. എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. പ്രവർത്തക സമിതി യോഗത്തിൽ ഞാൻ ഉണ്ടായിരുന്നു"
"വാക്കാലോ രേഖാമൂലമോ ഒന്നും അറിയിച്ചിട്ടില്ല"; കോൺഗ്രസ് നേതൃത്വം താക്കീത് ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് ശശി തരൂർ
Published on

ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് ദേശീയ നേതൃത്വം താക്കീത് നൽകി എന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. താക്കീത് ചെയ്തു എന്ന വാർത്ത ശരിയല്ലെന്നും തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ശശി തരൂർ പറഞ്ഞു.

"ഞാൻ പാർട്ടിയുടെ വക്താവ് അല്ല. എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. പ്രവർത്തക സമിതി യോഗത്തിൽ ഞാൻ ഉണ്ടായിരുന്നു. അവിടെ ആരും താക്കീത് ചെയ്തില്ലെന്നും ശശി തരൂർ പറഞ്ഞു. വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകൾ മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡൽഹിയിൽ നടന്നത് പോസിറ്റീവ് ചർച്ചയാണ്," എന്നും ശശി തരൂർ പറഞ്ഞു. 

ശശി തരൂരിനോട് വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത് എന്ന് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയതായുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയായിരുന്നു തരൂരിനെതിരായ പരാമർശം എന്ന തരത്തിൽ വാർത്ത. യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്, ശശി തരൂരിന്റെ നിലപാടുകളെ തളളിയിരുന്നു. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് ശശി തരൂർ നടത്തിയത്. ഇന്ത്യാ-പാകിസ്ഥാൻ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് തവണയിലേറെ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനമാണ് തരൂര്‍ നടത്തിയത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയ്ക്ക് വഴങ്ങാതിരുന്നത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ ശശി തരൂര്‍ അതിനെ പരസ്യമായി തളളി രംഗത്തെത്തിയിരുന്നു. 1971ലെ ഇന്ദിരാ ഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com