
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യ ബോധമില്ലാത്തതെന്ന് ശശി തരൂർ എംപി. ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ ചർച്ച ചെയ്തിട്ട് കാര്യമില്ല. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ലെന്നും ശശി തരൂർ എംപി പറഞ്ഞു.
"നാം എല്ലാവരും എങ്ങനെയാണ് ഇന്നത്തെ സ്ഥിതിയിൽ എത്തിയത് എന്ന് ആലോചിച്ചാൽ അറിയാം. എല്ലാം കൂടി ഒന്നാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾ ഉണ്ടാകും. എന്തിനാണ് ജനങ്ങളുടെ സമയം ഇത്ര ചെലവാക്കുന്നത്. ഇതിൻ്റെ ലോജിക് മനസിലാകുന്നില്ല. ബില്ല് കണ്ടതിനുശേഷം പല അഭിപ്രായങ്ങളും ഉണ്ടാകും. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എൻ്റെ അഭിപ്രായത്തിൽ റിയലിസ്റ്റിക്കല്ല".- ശശി തരൂർ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ ആർഎസ്‌പിക്കും മുസ്ലിം ലീഗിനുമെതിരെ എ.എ. റഹീം എംപിയും രംഗത്തെത്തി. റാം നാഥ് കോവിന്ദ് സമിതിക്ക് മുൻപിൽ ലീഗും ആർഎസ്‌പിയും അഭിപ്രായം പറയാത്തത് അപലപനീയം. ജനാധിപത്യ കടമ നിർവഹിക്കാൻ ഇരുപാർട്ടികളും മറന്നുവെന്നും റഹീം കുറ്റപ്പെടുത്തി. ഇത്തരം ഒരു നീക്കം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. ലോ കമ്മീഷനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ലീഗിൻ്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. റാം നാഥ് കൊവിന്ദ് കമ്മിറ്റി ലീഗിനെ വിളിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.