രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ: ശശി തരൂർ

കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ശശി തരൂരിൻ്റെ പക്ഷം
രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ: ശശി തരൂർ
Published on

സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രത്തിൻ്റെ ക്ഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിലുറച്ച് ശശി തരൂർ. കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ശശി തരൂരിൻ്റെ പക്ഷം. തന്റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെപ്പറ്റിയോ കോൺഗ്രസിന് അഭിപ്രായമുണ്ടാകാം. എന്നാൽ രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ എന്ന് ശശി തരൂർ കോണ്‍ഗ്രസിന് മറുപടി നൽകി.


രാജ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ടത് തൻ്റെ കടമയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ശശി തരൂർ പറഞ്ഞു. അതിൽ രാഷ്ട്രീയം കാണുന്നില്ല. ഇന്ത്യ-പാക് സംഘർഷത്തിനിടെ 88 മണിക്കൂറിൻ്റെ യുദ്ധം നമ്മൾ കണ്ടതാണ്. ഇനി നമ്മുടെ രാജ്യത്തെ ലോകം എങ്ങനെയാണ് നോക്കികാണുന്നത് എന്നതിൽ നമുക്കെല്ലാം പങ്കുണ്ട്. കേന്ദ്ര സർക്കാർ രാജ്യത്തിനായി എല്ലാ പാർട്ടി പ്രതിനിധികൾക്കും അവസരം നൽകുമ്പോൾ, അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത്  കടമ കൂടിയാണെന്ന് ശശി തരൂർ പറഞ്ഞു.

കോൺഗ്രസ് താങ്കളെ അപമാനിക്കുന്നതല്ലേ എന്ന ചോദ്യത്തിന് തന്നെ എളുപ്പത്തിൽ അപമാനിക്കാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു ശശി തരൂരിൻ്റെ ഉത്തരം. രാജ്യത്തിനുവേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. ഇത് മുൻപും ഉണ്ടായിട്ടുണ്ടെന്നും ഭാവിയിലും ഉണ്ടാകും. പാർലിമെൻ്ററി എഫയേഴ്സ് മിനിസ്റ്റർ കിരൺ റിജിജു നേരിട്ടാണ് തന്നെ ക്ഷണിച്ചത്. അന്ന് പാർട്ടിയോട് സംസാരിക്കട്ടെയെന്ന് പറഞ്ഞപ്പോൾ, പല പാർട്ടികളുടെ പ്രതിനിധികളെയും വിളിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും പറഞ്ഞിരുന്നു. വിവാദത്തിന് വേണ്ടി താൻ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ തരൂർ, ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കൂ എന്നും കൂട്ടിച്ചേർത്തു.



ഒരു ഭാരതീയ പൗരനോട് സർക്കാർ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുമ്പോൾ എതിർക്കേണ്ട ആവശ്യമില്ലെന്നാണ് ശശി തരൂരിൻ്റെ പക്ഷം. പേരുകൾ സംബന്ധിച്ച വിഷയം കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ളതാണ്. രാജ്യത്തിന് സർക്കാർ സേവനം ആവശ്യപ്പെടുന്നെങ്കിൽ അത് അഭിമാനത്തോടെ ഏറ്റെടുത്ത് ചെയ്യും. മുംബൈ ആക്രമണം നടന്ന സമയത്ത് മൻമോഹൻ സിങ് സർക്കാരും ഇത്തരത്തിൽ എംപിമാരെ അയച്ചിരുന്നു. ഇതൊരു നല്ല നടപടിയാണെന്നും രാജ്യത്തിൻ്റെ ഐക്യം ലോകത്തിന് വ്യക്തമാകുമെന്നും എംപി പറഞ്ഞു.

അതേസമയം ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നൽകിയവരുടെ ലിസ്റ്റിൽ ശശി തരൂരിൻ്റെ പേര് ഇല്ലായിരുന്നു. കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം പുറത്തുവിട്ടത്.  മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിആനന്ദ് ശർമ, ഐഎൻസി എൽഎസ്എസിൻ്റെ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എംപി, രാജ ബ്രാർ, എംപി,എന്നിവരുടെ പേര് ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് പാർലമെൻ്ററികാര്യ മന്ത്രിക്ക് കത്തെഴുതിയതെന്നും ജയറാം രമേശ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com