
ലേഖന വിവാദത്തിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് എംപി ശശി തരൂർ. കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനും അനുസ്മരിച്ചായിരുന്നു ശശി തരൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പെരിയ കേസിൽ സിപിഎമ്മിന് എതിരായ കെപിസിസിയുടെ നരഭോജി പോസ്റ്റ് മുക്കികൊണ്ടാണ് തരൂർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ ശരത് ലാലിനും കൃപേഷിനും പ്രണാമം എന്ന് മാത്രമാണ് കുറിച്ചിരിക്കുന്നത്.
ഇടതുസർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കളൊന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്. 'സി.പി.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന കെപിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയും പിന്നാലെ പിൻവലിക്കുകയുമായിരുന്നു തരൂർ. ഈ പോസ്റ്റിന് താഴെയും ധാരാളം കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്ന് തരൂരിന് എതിരായ കമൻ്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
'ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്' ഇതായിരുന്നു പുതിയ പോസ്റ്റ്. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ഇന്ന്. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
അതേസമയം ലേഖന വിവാദത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. ശശി തരൂരിൻ്റേത് പാർട്ടി നിലപാടല്ലെന്ന് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. ശശിതരൂരിൻ്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തരൂരിനെ താൻ ഉപേദേശിച്ചിട്ടുണ്ടെന്നും പ്രവർത്തക സമിതിയിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സുധാകരൻ പറഞ്ഞു. കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്നായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയാണ് വിമർശനങ്ങൾക്ക് കാരണമായത്.
'ശശി തരൂർ അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. ഔദ്യോഗികമായി അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക പാര്‍ട്ടിയുടെ തീരുമാനമാണ്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. ശശി തരൂരിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പറയേണ്ട കാര്യങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,' -കെ. സുധാകരന്‍ പറഞ്ഞു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും, ചെന്നിത്തലയും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി.