
ബംഗ്ലാദേശ് രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ ആദ്യ പ്രതികരണവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രതിഷേധത്തിൻ്റെ പേരിൽ രാജ്യത്ത് അരങ്ങേറിയത് സംഹാര താണ്ഡവമാണെന്ന് ഹസീന പറഞ്ഞു. ' ജൂലൈയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണം. ആക്രമസംഭവങ്ങൾക്കിടെ ഉറ്റവർ നഷ്ട്ടപ്പെട്ടവരുടെ ദുഖത്തോടൊപ്പം നിൽക്കുന്നു'. പിതാവും മുൻ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് മുജിബുറിൻ്റെ പ്രതിമ തകർത്തതിൽ നീതി വേണമെന്നും ഹസീന മകൻ്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.
ഓഗസ്റ്റ് 15 പിതാവ് ഷെയ്ഖ് മുജിബുറ് കൊല്ലപ്പെട്ടതിൻ്റെ വാർഷികാചരണത്തോടനുബന്ധിച്ചാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം. ബംഗ്ലാദേശിൽ ഈ വർഷം ജൂലൈയിൽ പൊട്ടിപുറപ്പെട്ട പ്രക്ഷോഭങ്ങളിൽ നിരവധി പേരാണ് അക്രമങ്ങൾക്ക് ഇരയായത്. അധ്യാപകർ, കുട്ടികൾ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, അവാമീ ലീഗ് പ്രവർത്തകർ, പൊലീസ് ഉൾപ്പെടെ ഏറെപ്പേർ കൊല്ലപ്പെട്ടു. അവരുടെ ആത്മാവിനായി പ്രാർഥിക്കുന്നു. കൊലപാതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഹസീന പ്രസ്താവനയിലൂടെ പറഞ്ഞു.