
ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രതിരോധമന്ത്രിയായ ഷിഗെരു ഇഷിബയുടെ അഞ്ചാമത്തെ ശ്രമത്തിലാണ് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നത്. ജപ്പാൻ്റെ 102ാമത് പ്രധാനമന്ത്രിയായി 67കാരനായ ഷിഗെരു ഇഷിബ ഒക്‌ടോബർ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അതേ ദിവസം നിലവിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ ഔദ്യോഗികമായി സ്ഥാനമൊഴിയും.
ഒൻപത് സ്ഥാനാർഥികളായിരുന്നു പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള മൽസരത്തിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം തോൽപ്പിച്ചാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ഷിഗെരു ഇഷിബ 102ാമത് പ്രധാനമന്ത്രിയാകുന്നത്. രാജ്യത്തെ ജനങ്ങൾക്ക് സന്തോഷത്തോടെ, സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്ന ഇടമായി ജപ്പാനെ മാറ്റണമെന്നും, അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും വിജയമുറപ്പിച്ചതിന് ശേഷം ഷിഗെരു ഇഷിബ പ്രതികരിച്ചു.
1957 ഫെബ്രുവരി നാലിന് ജനിച്ച ഷിഗെരു ഇഷിബ, 1983 വരെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ച് പലതവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള ആളാണ് ഇഷിബ.
ALSO READ: "പറഞ്ഞതൊന്നും നടപ്പായില്ല"; ഡൽഹി വായു ഗുണനിലവാര പാനലിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി