"ലഹരിയുപയോഗിച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറി"; പരാതി നൽകി നടി വിൻസി അലോഷ്യസ്

കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താതെ നടി പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചിരുന്നു.
"ലഹരിയുപയോഗിച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറി"; പരാതി നൽകി നടി വിൻസി അലോഷ്യസ്
Published on


ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയതിന് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. ഫിലിം ചേബറിനും സിനിമയുടെ ഇൻ്റേണൽ കംപ്ലെയ്ൻ്റ് അതോറിറ്റിക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താതെ നടി പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചിരുന്നു.

പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മോശം പെരുമാറ്റം. ഉടനെ റിലീസാകാൻ പോകുന്ന സിനിമയാണിത്.

'സൂത്രവാക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയിൽ നിന്ന് മോശം അനുഭവമുണ്ടായി. മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം നടൻ മോശമായി പെരുമാറിയെന്നാണ് വിൻസി വെളിപ്പെടുത്തിയത്. അതേ തുടർന്ന് നടനൊപ്പം തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും വിൻസി ചൂണ്ടിക്കാട്ടിയിരുന്നു.

“എന്റെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ, ഞാൻ റെഡിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഷൈൻ ടോമും എന്റെ കൂടെ വരാൻ തുനിഞ്ഞു. ഇത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് പറഞ്ഞത്. ഒരു സീൻ നോക്കുന്നതിനിടെ നടൻ്റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. അത് അംഗീകരിക്കാനാവില്ല,” അതേ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും വിൻസി കഴിഞ്ഞ ദിവസം പറഞ്ഞു.

നടന്റെ ലഹരി ഉപയോ​ഗത്തെ സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ എക്സൈസ് വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പരാതിയുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സിനിമാ സെറ്റിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിലാണ് വിൻസിയിൽ നിന്നും വിവരങ്ങൾ തേടുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com