പരീക്ഷയിൽ മനപൂർവ്വം തോൽപ്പിച്ചതാണ്, പിന്നിൽ പൊലീസിലെ ചിലർ; മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഷിനു ചൊവ്വ

സുതാര്യമായ രീതിയിൽ പരീക്ഷ നടത്തണമെന്നും ഷിനു ചൊവ്വ ആവശ്യപ്പെട്ടു
പരീക്ഷയിൽ മനപൂർവ്വം തോൽപ്പിച്ചതാണ്, പിന്നിൽ പൊലീസിലെ ചിലർ; മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഷിനു ചൊവ്വ
Published on


പൊലീസിന്റെ കായിക ക്ഷമത പരീക്ഷയിലെ തോൽവിയിൽ പ്രതികരണവുമായി ഷിനു ചൊവ്വ. പരീക്ഷയിൽ തന്നെ മനപൂർവ്വം തോൽപ്പിച്ചതാണ്. പൊലീസിലെ ചിലരണ് ഇതിന്റെ പിന്നിലെന്നും ഷിനു ചൊവ്വ ആരോപിച്ചു. സത്യം തെളിയാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ഷിനു ചൊവ്വ ന്യൂസ് മലയാളത്തോട് പറഞ്ഞു.

വൈരാഗ്യ ബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. പരീക്ഷക്കിടയിൽ പരിക്ക് പറ്റിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയില്ലെന്നും ഷിനു ചൊവ്വ പറഞ്ഞു. എട്ട് ഐറ്റത്തിൽ ഏഴ് എണ്ണത്തിൽ താൻ പങ്കെടുത്തിരുന്നു. അതിൽ അഞ്ചെണ്ണത്തിൽ വിജയിക്കുകയും ചെയ്തു. സുതാര്യമായ രീതിയിൽ പരീക്ഷ നടത്തണമെന്നും ഷിനു ചൊവ്വ ആവശ്യപ്പെട്ടു.

പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് ഷിനുവിനു യോഗ്യത നേടാന്‍ കഴിയാഞ്ഞത്. ഷിനുവിനെ കൂടാതെ മിസ്റ്റർ യൂണിവേഴ്‌സ് നേടിയ കൊച്ചി സ്വദേശി ചിത്തരേഷ് നടേശനും കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ചിത്തരേഷ് എത്തിയിരുന്നില്ല.

ചട്ടങ്ങളും സർക്കാർ ഉത്തരവും ലംഘിച്ചാണ് പൊലീസ് ഇൻസ്‌പെക്ടറായി രണ്ട് ബോഡി ബിൽഡിംഗ് താരങ്ങൾക്ക് സ്‌പോർട്‌സ് കോട്ടയിൽ നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചായിരുന്നു ഷിനു ചൊവ്വയുടെ നിയമനം. ഒളിമ്പ്യൻ ശ്രീശങ്കറിന് നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ് ഷിനു ചൊവ്വയെ സർക്കാർ നിയമിച്ചത്.

2019 ൽ ദക്ഷിണ കൊറിയയിൽ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ഫിസിക് സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ചിത്തരേഷ് നടേശൻ. ഷിനു ചൊവ്വ ലോക പുരുഷ ശരീര സൗന്ദര്യ മത്സരങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി താരവും മെൻസ് ഫിസിക് വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനുമാണ്.

ഇവരുടേത് പ്രത്യേക കേസായി പരിഗണിച്ച് നിലവിലുള്ള ചട്ടങ്ങളിൽ ഇളവു വരുത്തിയാണ് ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് ഇൻസ്‌പെക്ടറുടെ രണ്ട് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുന്നതെന്ന ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com