പത്താം നാളും തുടരുന്ന കാത്തിരിപ്പ്; കാണാമറയത്ത് അര്‍ജുന്‍

നേവിയുടെ 18 അംഗ സംഘം പുഴയില്‍ തെരച്ചില്‍ നടത്തുകയാണ്. ഒരു ബൂം മെഷീന്‍ കൂടി തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്
അർജുൻ
അർജുൻ
Published on

ജുലൈ എട്ടിനാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും അര്‍ജുന്‍ യാത്ര തിരിക്കുന്നത്. കോട്ടക്കലില്‍ നിന്ന് ചെങ്കല്ലുമായി മൈസൂരു മലവള്ളിയിലേക്ക്. അവിടെ ലോഡ് ഇറക്കിയ അര്‍ജുന്‍, കുശാല്‍ നഗറില്‍ നിന്ന് തടിയുമായി ബെല്‍ഗാമിലേക്ക്. തുടര്‍ന്ന് അക്വേഷ്യ മരങ്ങളുമായി എടവണ്ണയ്ക്ക്. ഇങ്ങനെയായിരുന്നു യാത്ര. ജുലൈ 15 ന് രാത്രി വരെ അര്‍ജുന്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജൂലൈ 16 നാണ് ഉത്തര കന്നഡയില്‍ മംഗളൂരു-ഗോവ ദേശീയപാതയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.

കുത്തനെയുള്ള മലയുടെയും ഗംഗാവാലി നദിയുടെയും ഇടയിലുള്ള ദേശീയപാതയാണിത്. രാവിലെ 8.30 ഓടെയായിരുന്നു ദേശീയ പാതയ്ക്ക് സമീപത്തെ മല ഇടിഞ്ഞു വീഴുന്നത്. ഈ സമയത്ത് അര്‍ജുന്റെ ലോറിയടക്കം നിരവധി വാഹനങ്ങള്‍ സ്ഥലത്തുള്ള ചായക്കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു.

മണ്ണിടിച്ചിലില്‍ ചില വാഹനങ്ങള്‍ ഗംഗാവാലി നദിയിലേക്ക് ഒലിച്ചുപോയി. സമീപത്തെ ഹോട്ടലും മറ്റ് കടകളും പൂര്‍ണമായി മണ്‍കൂനയില്‍ പുതഞ്ഞു. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. മണ്ണിനടിയില്‍ എവിടെയോ പെട്ടുപോയ അര്‍ജുനായി അന്ന് മുതല്‍ തെരച്ചില്‍ ആരംഭിച്ചു. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കരയിലും പുഴയിലുമായി നടത്തിയ തെരച്ചിലുകളൊന്നും ഫലംകണ്ടില്ല.

അപകടത്തിൽപ്പെട്ട മറ്റ് പലരുടേയും മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തെങ്കിലും, അര്‍ജുന്‍ കാണാമറയത്ത് തന്നെയായിരുന്നു. ജൂലൈ 19 ആയപ്പോഴേക്കും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ദൗത്യം ഏറ്റെടുത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. സേന സ്ഥലത്തെത്തി രാത്രി 9 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ജൂലൈ 20ന് രാവിലെ 6 മണിക്ക് വീണ്ടും തെരച്ചില്‍ ആരംഭിച്ചു. 10.30 ഓടെ ലോറി റഡാറില്‍ കണ്ടതായുള്ള സൂചനകള്‍ പുറത്ത് വന്നു. എന്നാല്‍ അത് അര്‍ജുന്റെ ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.

ഒമ്പതാം ദിവസമാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയ്ക്കടിയില്‍ ചളിയില്‍ പുതഞ്ഞു കിടക്കുന്നതായി സ്ഥിരീകരിച്ചത്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പത്താം ദിവസവും തുടരുകയാണ്. ഐബോഡ് ഡ്രോണ്‍ അടക്കമുള്ള പരിശോധനയില്‍ നദിക്കടിയില്‍ ലോറി കിടക്കുന്ന സ്ഥലം കൃത്യമായി മാര്‍ക്ക് ചെയ്തു. 12 കിലോമീറ്റര്‍ അകലെയായി ലോറിയിലുണ്ടായിരുന്ന തടികളില്‍ നാലെണ്ണം കണ്ടെത്തി.

നേവിയുടെ 18 അംഗ സംഘം പുഴയില്‍ തെരച്ചില്‍ നടത്തുകയാണ്. ഒരു ബൂം മെഷീന്‍ കൂടി തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. റിട്ടേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പുഴയിലിറങ്ങി പരിശോധന നടത്തി. ആര്‍മിയും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തുണ്ട്. കരയില്‍ നിന്നും 20 മീറ്റര്‍ അകലെ ചരിഞ്ഞാണ് ലോറി കിടക്കുന്നത്. ഷിരൂരിലെ തെരച്ചില്‍ എകോപിപ്പിക്കാന്‍ ഡോ. വൈഷ്ണവി കെയെ കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ആണ് വൈഷ്ണവി. മുങ്ങല്‍ വിദഗ്ധര്‍ വീണ്ടും ലോറിക്കരികിലേക്ക് എത്തി. നേരത്തെ രണ്ട് തവണ എത്തിയിട്ടും ഇറങ്ങാനായിരുന്നില്ല. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുകയാണ്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com