
അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാറിടിച്ച് മുംബൈയിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ദമ്പതികളായ സ്കൂട്ടർ യാത്രികർ മീൻ വാങ്ങാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവായ രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ഓടിച്ച കാറിടിച്ചാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുള്ളതായും പൊലീസ് വ്യക്തമാക്കി.
രാജേഷ് ഷായേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂഹുവിലെ ബാറിൽ നിന്നും മദ്യപിച്ച ശേഷം തിരികെ പോകുന്നതിനിടെ വർളിയിലെത്തിപ്പോൾ മിഹിർ കാർ ഓടിക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. മിഹിർ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് അമിത വേഗത്തിലായിരുന്ന ബിഎംഡബ്ല്യൂ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തിൽ മരിച്ച കാവേരി നഖ്വയും ഭർത്താവ് പ്രതീക് നഖ്വയും മീൻ വാങ്ങുന്നതിനായി സസൂൺ ഡോക്കിലേക്ക് പോയി തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീണു. അമിത വേഗതയിലായിരുന്ന കാർ കുറച്ചു ദൂരം കാവേരിയെ റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും കാർ നിർത്താതെ ഓടിച്ചു പോയി. കാവേരിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവശേഷം മിഹിറിന്റെ ഫോണ് സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. പൊലീസ് നാല് സംഘങ്ങളായി ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കാറിൻ്റെ വിൻഡ്‌ഷീൽഡിൽ ശിവസേനയുടെ സ്റ്റിക്കർ ഉണ്ടായിരുന്നത് കീറി കളഞ്ഞിട്ടുണ്ട്. അപകടത്തെത്തുടർന്ന് കാറിൻ്റെ നമ്പർ പ്ലേറ്റുകളിലൊന്നും നീക്കം ചെയ്‌തിരുന്നു.
സംഭവം ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും സേനാ നേതാവുമായ ഏകനാഥ് ഷിൻഡെ പറഞ്ഞു. നിയമം അതിൻ്റേതായ വഴിക്ക് പോകുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷിൻഡെ അറിയിച്ചു.