
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ നിരാശാജനകമായ പ്രകടനത്തില്‍ പ്രതികരണവുമായി ഇന്ത്യ മുന്നണി സഖ്യ കക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ആം ആദ്മി പോലുള്ള സഖ്യകക്ഷികളെ ഉൾക്കൊള്ളുന്നതിനും പ്രാദേശിക നേതാക്കളുടെ അനുസരണയില്ലായ്മയെ നിയന്ത്രിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നാണ് ശിവസേനയുടെ കുറ്റപ്പെടുത്തല്‍. ശിവസേനയുടെ മുഖ പത്രമായ സാമ്നയിലായിരുന്നു സഖ്യകക്ഷിക്കെതിരായ രൂക്ഷ വിമർശനം.
"ജയിക്കുന്ന ഇന്നിംഗ്‌സില്‍ തോല്‍ക്കാനുള്ള "സഖ്യകക്ഷിയുടെ കഴിവിനെക്കുറിച്ചും സാമ്‌ന എഡിറ്റോറിയൽ പരിഹസിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ബിജെപി വിരുദ്ധ ബ്ലോക്ക്. ശിവസേന ഉദ്ധവ് വിഭാഗവും ഈ മുന്നണിയുടെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോട് ഇടപെട്ട വിധത്തെ വിമർശിച്ച് ശിവസേന രംഗത്തെത്തിയത്. ശിവസേനയിലെ പ്രധാനിയായ സഞ്ജയ് റൌട്ടും കോണ്‍ഗ്രസിനെ വിമർശിച്ചു.
ഹരിയാനയിൽ ഇന്ത്യ ഗത്ബന്ധൻ ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാക്കൾ അമിത ആത്മവിശ്വാസത്തിലായിരുന്നു. സമാജ്‌വാദി പാർട്ടിയെയോ എഎപിയെയോ കൂടെക്കൂട്ടിയിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു, ” ശിവസേനയിലെ രണ്ടാമനും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഹരിയാനയിൽ തന്ത്രപരമായ പിഴവാണ് കോൺഗ്രസിന് തിരിച്ചടിയായത്. ജാട്ട് വിഭാഗത്തിന്റെ കർഷക രോഷം ബിജെപിക്കെതിരെ തിരിച്ചടിക്കുമെന്ന കോൺഗ്രസ് കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.
ഏഴ് ഗ്യാരണ്ടികൾ ഹരിയാനയിലെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോൺഗ്രസ് വമ്പൻ ജയം ഉറപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുന്നിൽ കോൺഗ്രസിന് അടിപതറുകയാണ് ഉണ്ടായത്. 16 കോൺഗ്രസ് സിറ്റിങ്ങ് എംഎൽഎമാരാണ് ഹരിയാനയിൽ തോറ്റത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും, കോൺഗ്രസിന് അത് അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്ന തരത്തിലുള്ള ട്രെൻഡുകളാണ് പുറത്തുവന്നതെങ്കിലും, മണിക്കൂറുകൾക്കകം അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ബിജെപി നടത്തിയത്. ഹരിയാന തെരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് മന്ദഗതിയിലാണെന്ന് പരാതിപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
എന്നാൽ കോൺഗ്രസിൻ്റെ ആരോപണങ്ങൾ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ മണ്ഡലങ്ങളിലെയും ഏകദേശം 25 റൗണ്ടുകൾ ഓരോ അഞ്ച് മിനിറ്റിലും അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. നിരുത്തരവാദപരവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ജയറാം രമേശിൻ്റെ ശ്രമത്തെ നിസംശയം തള്ളിക്കളയുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.
ഭഗവദ് ഗീതയുടെ ഭൂമിയിൽ സത്യം ജയിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഭരണമാറ്റമെന്ന ചരിത്രം മാറ്റിയെഴുതുന്ന വിധിയായിരുന്നു ഇന്ന് ഹരിയാനയിലേത്. ഇതാദ്യമായാണ് ഒരു സർക്കാരിന് മൂന്നാമതും വിജയിക്കാൻ കഴിയുന്നത്. ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും വിജയമാണിത്. എല്ലാ ജാതി വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്ത് പാർട്ടിക്ക് വിജയം നൽകിയെന്നുമായിരുന്നു മോദിയുടെ പ്രതികരണം.