കൊച്ചിയിൽ ഞെട്ടിക്കുന്ന ലഹരിവേട്ട: ഒറ്റരാത്രിയിൽ മയക്കുമരുന്നുമായി പിടിയിലായത് 77 പേർ; ഇടുക്കിയിലും പരിശോധന

മദ്യപിച്ച് വാഹനമോടിച്ച 193 പേരെയും പിടികൂടി. രാത്രി 10 മുതൽ പുലർച്ചെ ഒരു മണി വരെയാണ് പരിശോധന നടന്നത്.
കൊച്ചിയിൽ ഞെട്ടിക്കുന്ന ലഹരിവേട്ട: ഒറ്റരാത്രിയിൽ മയക്കുമരുന്നുമായി പിടിയിലായത് 77 പേർ; ഇടുക്കിയിലും പരിശോധന
Published on

കൊച്ചിയിൽ ഒറ്റ രാത്രിയിലെ പൊലീസ് പരിശോധനയില്‍ ഞെട്ടിക്കുന്ന ലഹരി വേട്ട. 77 പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച 193 പേരെയും പിടികൂടി. രാത്രി 10 മുതൽ പുലർച്ചെ ഒരു മണി വരെയാണ് പരിശോധന നടന്നത്.

ലഹരി മാഫിയക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ഇടുക്കി ജില്ലയിലും വ്യാപക പൊലീസ് പരിശോധന. ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണുപ്രദീപിന്‍റെ ഉത്തരവില്‍ ബസ് സ്റ്റാൻഡുകളും ലോഡ്ജുകളുമടക്കം വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രി ഒരേ സമയമാണ് പരിശോധന നടന്നത്. പൊലീസിനൊപ്പം, ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ വിവിധ സ്‌ക്വാഡുകളും ചേർന്നായിരുന്നു സംയുക്ത പരിശോധന. വരും ദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ ഡിവെെഎസ്പി ഇമ്മാനുവല്‍ പോള്‍ അറിയിച്ചു.

സംസ്ഥാനത്ത് വ്യാപകമായി ലഹരി ഉപയോഗത്തിൻ്റെ കേസുകളും അതിക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിൻ്റെ ലഹരിവേട്ട. കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് മരണം.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് ഷാനിദിനെ മെഡിക്കൽ കോളേജിലെത്തിച്ച് എൻഡോസ്കോപ്പി പരിശോധനയും രക്തപരിശോധനയും നടത്തി. ഈ പരിശോധനയിലാണ് യുവാവിൻ്റെ വയറ്റിൽ എംഡിഎംഎ തരികളടങ്ങിയ രണ്ട് പാക്കറ്റുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com