
യുഎസിലെ ജോർജിയയിലെ ഹൈസ്‌കൂളിൽ വെടിവെപ്പ്. ബാരോ കൗണ്ടിയിലെ അപാലാച്ചി ഹൈസ്കൂളിൽ ഇന്ന് രാവിലെയോടെയാണ് കൂട്ട വെടിവെപ്പ് നടന്നത്. സംഭവത്തെ തുടർന്ന് പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്കൂളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചതിന് ശേഷം സ്കൂളും പരിസരവും പൂർണമായും അടച്ചിട്ടു. സ്കൂൾ പരിസരം സുരക്ഷിതമാണെന്നും, നിയമപാലകർ സ്ഥലത്തുണ്ടെന്നും, വിദ്യാർഥികളെ ഒഴിപ്പിച്ചതായും സ്കൂൾ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ആർക്കും പരുക്കുകൾ ഇല്ല എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിരവധിപേരെ ആംബുലൻസിൽ കൊണ്ടുപോകുന്നതായി കണ്ടെന്നാണ് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
വെടിവെപ്പുണ്ടായ ഉടൻ തന്നെ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിനെ തുടർന്ന് സ്കൂൾ അടച്ചിട്ടിരിക്കുകയാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുള്ളതിനാൽ സ്കൂളിലേക്ക് വരരുതെന്നുമാണ് സന്ദേശം. നിലവിൽ സ്‌കൂളിലുള്ള കുട്ടികളെ കൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ട്.
ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എഫ്ബിഐക്കും പ്രദേശത്ത് അന്വേഷണം നടത്തുകയാണ്. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാൻ്റയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരെയുള്ള വിൻഡർ പട്ടണത്തിലാണ് വെടിവെപ്പ് നടന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്.