യുഎസിലെ ജൂത മ്യൂസിയത്തിൽ വെടിവെപ്പ്; രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ജൂതവിരുദ്ധ (ആൻ്റി സെമിറ്റിസം) ഭീകരപ്രവർത്തനമെന്നാണ് ഇസ്രയേൽ സംഭവത്തെ വിശേഷിപ്പിച്ചത്
യുഎസിലെ ജൂത മ്യൂസിയത്തിൽ വെടിവെപ്പ്; രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Published on

യുഎസിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാഷിംഗ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിൽ നടന്ന വെടിവെപ്പിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി " പലസ്തീനിനെ സ്വതന്ത്രമാക്കൂ" എന്ന് ആക്രോശിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.


നോർത്ത് വെസ്റ്റ് ഡിസിയിലുള്ള എഫ്ബിഐയുടെ വാഷിംഗ്ടൺ ഫീൽഡ് ഓഫീസിന് തൊട്ടടുത്തായിരുന്നു വെടിവെപ്പ് നടന്നത്. അമേരിക്കൻ ജൂത കമ്മിറ്റി (എജെസി) സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ ആക്ടിംഗ് യുഎസ് അറ്റോർണി ജീനിൻ പിറോയും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 2023ലാണ് ആക്രമണം നടന്ന ക്യാപിറ്റൽ ജൂത മ്യൂസിയം സ്ഥാപിതമായത്.

യുഎസ് ഹോംലാൻഡ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം രണ്ട് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണ സമയത്ത് ഇസ്രയേൽ അംബാസഡർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും, മറ്റൊരു പ്രസ്താവനയും ഇസ്രയേൽ എംബസി പുറത്തിറക്കിയിട്ടില്ല. സംഭവത്തിൽ സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഫെഡറൽ അധികാരികളും പ്രാദേശിക പൊലീസും ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി.

വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതലറിയാനായി പ്രാദേശിക പൊലീസുമായി പ്രവർത്തിക്കുകയാണെന്നും, ലഭിക്കുന്ന വിവരങ്ങളെല്ലാം പൊതുജനങ്ങളെ അറിയിക്കുമെന്നും കാഷ് പട്ടേൽ പറഞ്ഞു. സംഭവത്തിൽ അപലപിച്ച് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ രംഗത്തെത്തി. "ജൂത വിരുദ്ധ ഭീകരതയുടെ നികൃഷ്ടമായ പ്രവൃത്തി" എന്നാണ് ഡാനി ഡാനോൺ ആക്രമണത്തെ വിശേഷിപ്പിച്ചത്.

ആക്രമണത്തിൽ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. " ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനകമായ കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണം. വിദ്വേഷത്തിനും തീവ്രവാദത്തിനും യുഎസിൽ സ്ഥാനമില്ല. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം. ഇതുപോലുള്ള സംഭവങ്ങളിൽ അതീവ ദുഃഖമുണ്ട്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!," സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com