
റഷ്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ വൈദികനുള്‍പ്പെടെ 15 പേര്‍ മരിച്ചു. പൊലീസുകാരടക്കം 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നോര്‍ത്ത് കോക്കസസിലെ ഡാഗെസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്കും സിനഗോഗിനും പൊലീസ് എയിഡ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം.
രണ്ട് പെന്തകോസ്ത് പള്ളിക്കും രണ്ട് ജൂത ആരാധന കേന്ദ്രത്തിനും നേരെ ആയുധധാരികളായ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. അതേസമയം പ്രത്യാക്രമണത്തില്‍ പൊലീസ് നാല് അക്രമികളെ വധിച്ചു.
വെടിവെപ്പിന് പിന്നാലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. മാര്‍ച്ചില്‍ മോസ്‌കോയില്‍ ഐ എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 145 പേരാണ് കൊല്ലപ്പെട്ടത്.