
ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് ഓഫർ പ്രഖ്യാപിച്ച കടയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഓഫർ പ്രഖ്യാപിച്ച കണ്ണൂരിലെ ഷോപ്പ് ഉദ്ഘാടന ദിവസം തന്നെ പൂട്ടേണ്ടി വന്നു. പഴയ ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യത്തെ 75 പേർക്ക് ഷൂ സമ്മാനം എന്നായിരുന്നു ഓഫർ. ആയിരത്തോളം ആളുകളാണ് ഇതോടെ ഷോപ്പിലേക്ക് എത്തിയത്. ഒടുവിൽ ആളുകളെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിയെടുക്കേണ്ടി വന്നു.
ഒരു രൂപയ്ക്ക് ഷൂ കിട്ടുമെന്ന് അന്യ ജില്ലകളിൽ നിന്ന് വരെ കണ്ണൂരിലെത്തിയവർ കാരണം ഉദ്ഘാടന ദിവസം തന്നെ കട പൂട്ടി വീട്ടിൽ പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഒരു വ്യാപാരിക്ക്. ഇന്നലെ കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന മൾട്ടി സ്റ്റോറിലാണ് സംഭവം. ആളുകളെ കൂട്ടാൻ മുതലാളി ഒരു ഓഫർ പ്രഖ്യാപിച്ചു. പഴയ ഒരു രൂപ നോട്ടുമായി ആദ്യം കടയിലെത്തുന്ന 75 പേർക്ക് ഷൂ സമ്മാനം. ഇൻസ്റ്റാഗ്രാം വഴി ഒരു വ്ലോഗറെ ഉപയോഗിച്ച് പരസ്യവും നൽകി. ഓഫർ കേട്ട യൂത്തിന്റെ ഒഴുക്ക് പൂരത്തേക്കാൾ വേഗത്തിലായിരുന്നു.
കണ്ണൂർ തായത്തെരു റോഡ് ആളുകളെ കൊണ്ട് നിറഞ്ഞു. 12 മണി മുതൽ 3 മണിവരെയായിരുന്നു ഓഫർ. പക്ഷേ രാവിലെ 7 മണി മുതൽ തന്നെ ആളുകളെത്തി. തിക്കും തിരക്കുമായി. നഗരത്തിലെ ഗതാഗതം പോലും താറുമാറായി. സംഗതി കൈവിടുമെന്ന് കണ്ടതോടെ പൊലീസ് ലാത്തിയെടുത്തു. എല്ലാവരെയും ഓടിച്ചു. അപ്പോൾ പിരിഞ്ഞുപോയെങ്കിലും ഇനി അഥവാ ഷൂ കൊടുത്താലോ എന്ന് കരുതി രാത്രി വൈകിയും താഴ്ത്തിയിട്ട ഷട്ടറിന് മുകളിൽ ഒരു രൂപ നോട്ടുമായി ആൾക്കൂട്ടം തുടർന്നിരുന്നു.