
പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി താരവും ഒളിംപിക്സ് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത്. മത്സരത്തിൽ അയോഗ്യയായ വിനേഷ് ഫോഗട്ട്, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയായിരുന്നു എന്നും, ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമാപണം നടത്തിയില്ലെന്നും ആയിരുന്നു യോഗേശ്വർ ദത്തിൻ്റെ ആരോപണം. ലണ്ടൻ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ യോഗേശ്വർ ദത്ത്, താൻ ആയിരുന്നു അയോഗ്യനായിരുന്നത് എങ്കിൽ മുഴുവൻ രാജ്യത്തോടും ക്ഷമാപണം നടത്തുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
'പഞ്ചായത്ത് ആജ് തക് ഹരിയാന 2024' പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു യോഗേശ്വർ ദത്ത് വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. പാരീസ് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടപ്പോൾ വിനേഷ് ഫോഗട്ട് ഉന്നയിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും അവർ കുറ്റപ്പെടുത്തി. അയോഗ്യതയാണ് ശരിയായ തീരുമാനമെന്ന് എല്ലാവർക്കും അറിയാം. ഒരു ഗ്രാം പോലും കൂടിയാൽ ഒളിംപിക്സിൽ നിന്നും അയോഗ്യരാകും. അവരുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റിന് മുഴുവൻ രാജ്യത്തോടും അവർ മാപ്പ് പറയണമായിരുന്നു എന്നും യോഗേശ്വർ ദത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം, ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെതിരെയും, ഒളിംപിക്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷക്കെതിരെയും വിനേഷ് ഫോഗട്ട് വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗേശ്വർ ദത്തിൻ്റെ ആരോപണം. തന്റെ അയോഗ്യതയ്‌ക്കെതിരെ ഇന്ത്യൻ ഒളിംപിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകി. പി.ടി. ഉഷ തനിക്ക് ഒരു പിന്തുണയും തന്നിരുന്നില്ല. താൻ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തതെന്നുമായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ ആരോപണം.