
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യക്ക് വൻ തിരിച്ചടി. ക്യാച്ചിങ് പരിശീലനത്തിനിടെ ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലിന് പരിക്കേറ്റുവെന്ന വാർത്തയാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. വെള്ളിയാഴ്ച മറ്റൊരു ഓപ്പണിങ് ഓപ്ഷനായ കെ.എൽ. രാഹുൽ പരിശീലന മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ഒരു ഷോർട്ട് ബോൾ കൈമുട്ടിലിടിച്ചതിന് പിന്നാലെ കളംവിട്ടിരുന്നു. ശനിയാഴ്ചയും രാഹുൽ പരിശീലനത്തിനായി കളത്തിലിറങ്ങിയിട്ടില്ല.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നവംബർ 22ന് പെർത്തിൽ ആരംഭിക്കാനിരിക്കെയാണ് ഗില്ലിൻ്റെ വിരലുകൾക്ക് പരുക്കേറ്റിരിക്കുന്നത്. പെർത്തിലെ ഗ്രൗണ്ടിൽ രണ്ടാം ദിവസത്തെ ഫീൽഡിങ് പരിശീലനത്തിനിടെയാണ് താരത്തിൻ്റെ വിരലുകൾക്ക് പരുക്കേറ്റത്. സ്ലിപ്പിൽ ക്യാച്ചെടുക്കാൻ ശ്രമിക്കവെയാണ് പരുക്കേറ്റത്.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് മത്സരിക്കാൻ കഴിയുമോയെന്ന് ബിസിസിഐ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ശുഭ്മാൻ ഗില്ലിന് മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം പരുക്കിൻ്റെ നില പരിഗണിച്ച് മാത്രമെ താരത്തെ ഇന്ത്യയുടെ ഫൈനൽ ഇലവനിൽ കളിപ്പിക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂ.
ഇടത്തേ കയ്യിൻ്റെ തള്ളവിരലിനാണ് പരുക്കേറ്റത്. ഉടനെ തന്നെ താരം ഗ്രൗണ്ട് വിട്ടിരുന്നു. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടനുബന്ധിച്ച് മുംബൈയിൽ കുടുംബത്തിനൊപ്പമുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യത്തെ ടെസ്റ്റിൽ കളിക്കുമോയെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ യശസ്വി ജെയ്സ്വാളിനൊപ്പം ഓപ്പണിങ് സ്ഥാനത്തേക്കും ഗില്ലിനെയാണ് പരിഗണിച്ചിരുന്നത്. നിലവിൽ ഗില്ലിനും പരുക്കേറ്റതോടെ ഇന്ത്യയുടെ മുൻനിര ബാറ്റിങ് ഓർഡറിനെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം തന്നെ നിലനിൽക്കുകയാണ്.
അഭിമന്യു ഈശ്വരൻ ആണ് ടോപ് ഓർഡറിൽ ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ. ഗംഭീറിന്റെ ഫസ്റ്റ് ചോയ്സ് മിക്കവാറും ഈശ്വരൻ തന്നെയായിരിക്കും. ഓസ്‌ട്രേലിയയിലെ ഇന്ത്യ എ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന ദേവ്ദത്ത് പടിക്കൽ ടെസ്റ്റ് ടീമിനൊപ്പം തുടരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കുമോ അതോ റിസർവ് ബെഞ്ചിലിരുത്തുമോയെന്ന് വ്യക്തമല്ല.