എൽഡിഎഫ് കൺവെൻഷനിൽ ഷുക്കൂർ; മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടിയെപ്പോലെയെന്ന് സിപിഎം നേതാവ്

പാർട്ടി വിടൽ തീരുമാനം മാധ്യമ സൃഷ്ടിയെന്നാണ് സിപിഎം നേതാവ് എൻ.എൻ.കൃഷണദാസിൻ്റെ  പ്രതികരണം
എൽഡിഎഫ് കൺവെൻഷനിൽ ഷുക്കൂർ; മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടിയെപ്പോലെയെന്ന് സിപിഎം നേതാവ്
Published on

പാർട്ടി വിടുന്നുവെന്ന പ്രചരണം നിലനിൽക്കെ ഷുക്കൂർ പാലക്കാട്ടെ സിപിഎം കൺവൻഷനിൽ പങ്കെടുത്തു. പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറിയെന്നും, സിപിഎം ഏരിയ കമ്മറ്റി അംഗം ഷുക്കൂർ കോൺഗ്രസിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചുവെന്ന വാർത്ത ഇന്ന് രാവിലെയോടെയാണ് പുറത്തുവന്നത്. ഏരിയ സെക്രട്ടറിയുമായുള്ള ഭിന്നതയാണ് പാർട്ടി വിടാനുള്ള കാരണമായി ഷുക്കൂർ പറഞ്ഞത്. കോൺഗ്രസ് പ്രാദേശിക നേതാവ് ഷുക്കൂറിൻ്റെ വീട്ടിൽ എത്തി ചർച്ച നടത്തി. കോൺഗ്രസ് പ്രാദേശിക നേതാവ് സദ്ദാം ഹുസൈനൊപ്പമുള്ള ഷുക്കൂറിന്‍റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ പി.സരിന്: എ.കെ. ഷാനിബ്

അതേസമയം, സിപിഎം വിട്ട അബ്ദുൾ ഷുക്കൂർ കോൺഗ്രസിനെ സമീപിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ പ്രതികരിച്ചിരുന്നു. ഷുക്കൂർ സമീപിച്ചാൽ കോൺഗ്രസ് പ്രവേശനം ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വം ചർച്ചയ്ക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്നും  എ.തങ്കപ്പൻ പറഞ്ഞു.


"തോല്‍വിക്ക് കാരണം പലതുമാകാം, പക്ഷേ ഇവരുടെ മുന്നില്‍ ന്യൂനപക്ഷങ്ങളാണ് കുറ്റക്കാർ. എന്നും അടിച്ചമർത്തപ്പെടുന്നവരാണ് ന്യൂനപക്ഷങ്ങള്‍. ഞാന്‍ വെറുമൊരു ന്യൂനപക്ഷം", എന്നായിരുന്നു ഷുക്കൂറിന്‍റെ ഇന്നത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്.

പാർട്ടി വിടൽ തീരുമാനം മാധ്യമ സൃഷ്ടിയെന്നായിരുന്നു സിപിഎം നേതാവ് എൻ.എൻ.കൃഷണദാസിൻ്റെ  പ്രതികരണം. ഷുക്കൂറിൻ്റെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടി നിൽക്കുന്നതു പോലെയാണ് മാധ്യമപ്രവർത്തകരെന്നായിരുന്നു എൻ.എൻ.കൃഷണദാസിൻ്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com