
പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ തൂങ്ങി മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് ബാലകൃഷണൻ നായരുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അതിനിടെ എസ് ഐ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
ഓട്ടോ സൈഡിൽ പാർക്ക് ചെയ്തെന്ന് ആരോപിച്ച് കാസർഗോഡുള്ള ഓട്ടോ തൊഴിലാളിയായ നൗഷാദിനെ ബലം പ്രയോഗിച്ച് പൊലിസ് ജീപ്പിൽ കയറ്റുന്ന ദ്യശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ എസ്.ഐ സസ്പെൻ്റ് ചെയ്തത്. ഓട്ടോ അകാരണമായി പിടിച്ചു വെച്ചുവെന്നും വിട്ടുനൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തിരുന്നു. ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് കുടുംബം ആവശ്യപെടുന്നത്.
കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്ന് മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ തൂങ്ങി മരിച്ചത്. എസ്ഐ അകാരണമായി തൻ്റെ ഓട്ടോ പിടിച്ചുവെച്ചുവെന്നും മറ്റു മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും ഫെയ്സ്ബുക്കിൽ അബ്ദുൾ സത്താർ കുറിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായിരുന്നില്ല.