
പത്തനംതിട്ടയിൽ ഇരുപത് അംഗ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐ ജിനുവിന് സസ്പെൻഷൻ. റേഞ്ച് ഡിഐജിയുടേതാണ് നടപടി. എസ്ഐ എസ്. ജിനുവിനെ കൂടാതെ മൂന്ന് പൊലീസുകാരെയും സസ്പെന്റ് ചെയ്തു. എസ്ഐക്കും പൊലീസുകാർക്കും വലിയ വീഴ്ച്ച സംഭവിച്ചുവെന്ന പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവാഹസത്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീ ഉൾപ്പെടെയുള്ള ഇരുപത് അംഗ സംഘത്തെ നടുറോഡിൽ വച്ചാണ് പൊലീസ് തല്ലിച്ചതച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം പാഞ്ഞ് എത്തി മർദ്ദിച്ചു എന്നാണ് പരാതി.
സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. മർദനമേറ്റ സിതാരയുടെ മൊഴിയിലാണ് കേസെടുത്തത്. ഉണ്ടായത് പൊലീസ് അതിക്രമമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എസ്ഐ ജിനുവിന് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് സംഘം ആക്രമിച്ചത് ആളുമാറിയാണ്. എസ്ഐയും സംഘവും എത്തിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നന്ദകുമാർ പറഞ്ഞു.