സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

വിദ്യാർഥികളെ മണ്ണുത്തി ക്യാംപസിലേക്ക് മാറ്റാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു
സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
Published on
Updated on

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പഠനം തുടരാം. പ്രതികളായ വിദ്യാർഥികളെ മണ്ണുത്തി ക്യാംപസിലേക്ക് മാറ്റാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. തുടർ പഠനത്തിന് പ്രതികളായ വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി.

വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാനും ഹൈക്കോടതി സിം​ഗിള്‍ ബെഞ്ച് നിർദേശം നൽകിയിരുന്നു. പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്‍റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിർദേശവും നല്‍കിയിരുന്നു.


പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ വെച്ച് സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

News Malayalam 24x7
newsmalayalam.com