സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം

പ്രതികളായ വിദ്യാർഥികളെ മണ്ണൂത്തി ക്യാമ്പസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു
സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം
Published on

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. പ്രതികളായ വിദ്യാർഥികളെ മണ്ണൂത്തി ക്യാമ്പസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതുമൂലം അനുവദനീയമായതിനേക്കാൾ അധികം വിദ്യാർഥികൾ ക്യാമ്പസിലേക്ക് വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സർവകലാശാല നൽകിയ ഹ‍ർജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്.



വിദ്യാർഥികൾ ഇങ്ങിനെ വരുന്നത് സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ വ്യക്തത തേടിയാണ് സർവകലാശാല ഹ‍ർജി നൽകിയത്. ഇവരുടെ പരീക്ഷ ഫീസ് ഈടാക്കുന്ന കാര്യത്തിലടക്കമാണ് വ്യക്തത തേടിയത്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയെയും കേസിൽ കക്ഷി ചേർത്തു.

പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്‍റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിർദേശവും നല്‍കിയിരുന്നു.

പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ വെച്ച് സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com