സിദ്ധാർത്ഥന്‍റെ മരണം: 'ഇരയോടൊപ്പം നിൽക്കേണ്ടിയിരുന്ന ഭരണകൂടം പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചത്'; പിതാവ് ജയപ്രകാശ്

സിദ്ധാർത്ഥന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ പിതാവ് കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെയും പോരാട്ടം തുടരുമെന്ന് അറിയിച്ചു
സിദ്ധാർത്ഥന്‍, പിതാവ് ജയപ്രകാശ്
സിദ്ധാർത്ഥന്‍, പിതാവ് ജയപ്രകാശ്
Published on

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിചാരണ ആരംഭിക്കാത്തതിനാൽ നീതി കിട്ടിയോ എന്ന് പറയാൻ സാധിക്കില്ലെന്ന് പിതാവ് ജയപ്രകാശ്. കൊലപാതകികൾക്ക് മാതൃകാപരമായി കിട്ടേണ്ട ശിക്ഷ ലഭിച്ചാൽ നീതി ലഭിച്ചുവെന്ന് പറയും. സിദ്ധാർത്ഥന്റെ ഓർമകൾക്ക് ഒരു വർഷം തികയുമ്പോള്‍ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ പിതാവ് കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെയും പോരാട്ടം തുടരുമെന്ന് അറിയിച്ചു.

ഇരയോടൊപ്പം നിൽക്കേണ്ടിയിരുന്ന ഭരണകൂടം പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയപ്രകാശ് ആരോപിച്ചു. പ്രതികളെ പരീക്ഷ എഴുതിപ്പിക്കാനും, ക്ലാസിൽ കയറ്റാനും സസ്പെൻഡ് ആയ ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരെ തിരിച്ചെടുക്കാനുമാണ് സർക്കാർ പോരാടിയത്. അതാണ് എറ്റവും വലിയ സങ്കടം. മുതിർന്ന നേതാക്കൾ പ്രതികളെ സഹായിക്കുന്നുവെന്നും ജയപ്രകാശ് ആരോപിച്ചു. സസ്പെൻഷനിലായിരുന്ന ഡീനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കണമെന്ന് സച്ചിൻദേവ് എംഎൽഎ സിൻഡിക്കേറ്റിൽ ശക്തമായി വാദിച്ചു. ഭൂരിപക്ഷം അവർക്കായതു കൊണ്ട് തിരിച്ചെടുക്കാനുള്ള തീരുമാനമായി. ആ തീരുമാനം കോടതിയിൽ ചോദ്യം ചെയ്ത് റദ്ദാക്കിക്കുകയായിരുന്നു എന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.

വാർഡനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനായി കേസ് നടത്താനായി കോളേജിൽ ഇടതുപക്ഷ സംഘടനയുടെ നേതൃത്വത്തിൽ ബക്കറ്റ് പിരിവ് നടത്തിയെന്നും ജയപ്രകാശ് പറഞ്ഞു. ഇപ്പോഴും പ്രതികളെ സംരക്ഷിക്കാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണ് ഇതിൽ പ്രതികൾ. പ്രതികളെ ഒളിപ്പിച്ചതും കീഴടങ്ങാൻ മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ടുപോയതും മുൻ വയനാട് എംഎൽഎ സി.കെ. ശശീന്ദ്രനാണ്. കൊലപാതകികളെ രക്ഷപ്പെടുത്താനായി നേതാക്കൾ തന്നെ നിന്നിട്ടുണ്ടെങ്കിൽ ഇരകൾക്ക് എന്താണ് ലഭിക്കുകയെന്നും ജയപ്രകാശ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാത്രമാണ് പരാതി നൽകിയതെന്നും തെളിവു നശിപ്പിക്കാൻ സമയം നൽകിയ ശേഷമാണ് അനുകൂല നടപടിയുണ്ടായതെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ക്യാംപസിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർത്ഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com