
ലൈംഗിക പീഡനക്കേസിൽ സിദ്ദീഖിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം. വരും ദിവസങ്ങളിൽ ഹാജരാകാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. നോട്ടീസ് നൽകിയില്ലെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിര്‍ദേശം ലഭിച്ചത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിവിലായിരുന്ന സിദ്ദീഖ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനാണ് സിദ്ദീഖ് കൊച്ചിയിലെത്തിയത്. കൊച്ചി കച്ചേരിപ്പടിയിലുള്ള അഭിഭാഷകന്റെ വസതിയിൽ ആണ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകനുമായാണ് സിദ്ദീഖ് കൂടിക്കാഴ്ച നടത്തിയത്.
അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് കോടതി സിദ്ദീഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികളോടെ സിദ്ദീഖിനെ വിട്ടയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഒരിക്കൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചാൽ പിന്നീട് അറസ്റ്റ് ചെയ്യാനാവില്ല. അതിനാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാലും അറസ്റ്റ് ചെയ്യാതെ വിട്ടയക്കണമോയെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ അഭിഭാഷകരോട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.