
സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ പ്രതികരിച്ച് കൊച്ചി ഡിസിപി. സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത് പ്രത്യേക അന്വേഷണസംഘമാണെന്നും മാതാപിതാക്കൾ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ഇരുവരെയും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
സിദ്ദീഖിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ മകൻ ഷഹീന്റെ രണ്ട് സുഹൃത്തുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാദിൻ ബക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന് ശേഷം മക്കളെ കുറിച്ച് വിവരമില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പിന്നാലെ, മാതാപിതാക്കൾ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകി.
ലൈംഗികാരോപണ കേസിൽ സിദ്ദീഖിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവെയാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇന്ന് പുലർച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടവന്ത്ര, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുവരുടെയും ഫ്ലാറ്റുകളിൽ എത്തിയായിരുന്നു പൊലീസ് നടപടി.
ALSO READ: ബലാത്സംഗക്കേസ്: സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി സെപ്റ്റംബര്‍ 30ന് പരിഗണിക്കും
ഇത് ചൂണ്ടിക്കാട്ടി ആദ്യം മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും യുവാക്കളെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്നാണ് വീണ്ടും പൊലീസിൽ ബന്ധപ്പെട്ടത്. അതേസമയം താൻ നിലവിൽ ഡൽഹിയിൽ ആണെന്നും ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് വിവരം അറിഞ്ഞതെന്നും സിദ്ദീഖിന്റെ മകൻ ഷഹീൻ വ്യക്തമാക്കിയിരുന്നു.