
പ്രതിപക്ഷ പാർട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഏക എംഎൽഎ കൂടി ഭരണകക്ഷിയായ സിക്കിം ക്രാന്തി മോർച്ചയിലേക്ക് കൂറുമാറിയതോടെ പ്രതിപക്ഷമില്ലാതെ സിക്കിം നിയമസഭ. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിലെ ഏക വിജയിയായ ഷിയാരി മണ്ഡലം എംഎല്‍എ ടെന്‍സിങ് നോര്‍ബു ലാംതയാണ് കൂറുമാറിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു മാസം മാത്രം പിന്നിടവെയാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തിന്‍റെ തകർച്ച പൂർണ്ണമാക്കി കൂറുമാറ്റമുണ്ടാവുന്നത്. നേരത്തെ സിക്കിം ക്രാന്തി മോർച്ച നേതാവായിരുന്ന ടെന്‍സിങ്, സീറ്റ് തർക്കത്തെ തുടർന്നാണ് എസ്‍കെഎം വിട്ട് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് എസ്‍ഡിഎഫിലേക്ക് എത്തിയത്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്‍റെ എസ്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ചാംലിങ് രണ്ടിടത്തും തോറ്റു. മത്സര രംഗത്തുണ്ടായിരുന്ന ബിജെപിക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ ടെന്‍സിങ് എസ്‍കെഎമ്മിലേക്ക് തിരിച്ചുപോകാന്‍ ശ്രമം നടത്തുന്നതായി സൂചനകളുണ്ടായിരുന്നു. ഒടുവില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഔദ്യോഗികമായി എസ്‌കെഎമ്മില്‍ ചേർന്നതായും മുഖ്യമന്ത്രി തമങ് വ്യക്തമാക്കി.
സിക്കിം ജനത പ്രതിപക്ഷത്തെ ആഗ്രഹിക്കുന്നില്ലെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി എസ്‍കെഎം നടത്തിയ വികസന പ്രവർത്തനങ്ങളില്‍ സംതൃപ്തരാണെന്ന് തെളിയിക്കുന്നതാണ് ജനവിധി എന്നുമായിരുന്നു പാർട്ടി മാറ്റത്തെ കുറിച്ചുള്ള ടെന്‍സിങിന്റെ പ്രതികരണം. ഇതോടെ, 32 അംഗ സിക്കിം നിയമസഭയില്‍ 30 സീറ്റും എസ്‌കെഎമ്മിനായി. മറ്റ് രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുഖ്യമന്ത്രി പ്രേം സിങ് തമങ്ങും, ഭാര്യ കൃഷ്ണകുമാരി റായിയും ഓരോ മണ്ഡലങ്ങള്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്.