
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി നടത്തിയ പ്രാഥമിക ചര്‍ച്ച പോസിറ്റീവ് എന്ന് കെ-റെയില്‍ എംഡി അജിത് കുമാര്‍. ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സ്‌കറിയയുമായാണ് കെ-റെയില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.
ഇന്ന് നടന്നത് ഔപചാരിക ചര്‍ച്ച മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഡിപിആറില്‍ അടക്കം മാറ്റങ്ങൾ വരുത്തി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്രത്തിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വ്യക്തമാക്കി.
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന്‍റെ അഭിപ്രായം. കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ ഉള്ളത് കൊണ്ട് തന്നെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് കെ റെയില്‍- സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം കൂടുന്ന ഇന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചായിരുന്നു സമിതിയുടെ പ്രതിഷേധം.
പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രാരംഭഘട്ട ചര്‍ച്ചകളില്‍ അനുകൂല നിലപാട് ഉണ്ടായത് ആശ്വാസകരമാണ്. എന്നാല്‍ മുന്നോട്ടുള്ള ചര്‍ച്ചകളില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ചോദ്യ ചിഹ്നമാണ്.