
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഡബ്ല്യൂസിസിയെ അഭിനന്ദിച്ച് ഗായിക ചിന്മയി ശ്രീപദ. മലയാളത്തില്‍ അല്ലാതെ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇത്തരത്തിലുള്ള നീക്കം നടന്നിട്ടില്ല. ഈ പരസ്യമായ രഹസ്യങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും ചിന്മയി ഇന്ത്യ ടുഡേയോട് പറഞ്ഞു.
"സിനിമാ വ്യവസായത്തിന് എങ്ങനെയോ വളരെ ചീത്തപ്പേരുണ്ടായി. ലൈംഗികാതിക്രമം ഇവിടെ സാധാരണമാണെന്ന് എല്ലാവരും വിശ്വസിക്കപ്പെടുന്നു. ഡബ്ല്യുസിസിയും വനിത സിനിമ പ്രവര്‍ത്തകരും ചേർന്ന് നടത്തിയ പ്രവർത്തനത്തിന് ഞാൻ നന്ദി പറയുന്നു. അവരുടെ അധ്വാനത്തിന്‍റെയും നിരന്തരമായ പരിശ്രമവും ഇല്ലായിരുന്നെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമായിരുന്നില്ല " - ചിന്മയി പറഞ്ഞു.
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരായ ലൈംഗിക പീഡനക്കേസില്‍ ഇപ്പോഴും ചിന്മയി തന്‍റെ പോരാട്ടം തുടരുകയാണ്. മിക്ക സിനിമാ വ്യവസായങ്ങളിലും കുറ്റവാളികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അധികാരത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പണത്തിൻ്റെയും കൂട്ടുകെട്ടാണത്. രാഷ്ട്രീയ ബന്ധങ്ങളും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെ പിന്തുണയും ഈ കുറ്റവാളികളെ എളുപ്പത്തിൽ ശിക്ഷിക്കാൻ അനുവദിക്കുന്നില്ലെന്ന് ചിന്മയി പറഞ്ഞു.
'ഒരു സംഭവം റിപ്പോർട്ട് ചെയ്‌താലും, കേസ് ഫയൽ ചെയ്താലും, പെട്ടെന്ന് ഒന്നും സംഭവിക്കുന്നില്ല എന്നതാണ് ഇവിടെ പ്രശ്‌നം. കേസ് വർഷങ്ങളും പതിറ്റാണ്ടുകളും ഇഴയുന്നു. ഞാൻ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുന്നു, ജോലി ചെയ്യാനുള്ള എൻ്റെ അവകാശത്തിനായി പോരാടുന്നു. ഒരു സ്ത്രീ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എല്ലായ്‌പ്പോഴും പ്രണയത്തിലോ അട്രാക്ഷനിലോ അല്ല. ഇത് വെറും അധികാര ദുരുപയോഗം മാത്രമാണ്' ചിന്മയി പറഞ്ഞു.
2018-ല്‍ ഇന്ത്യയില്‍ മീടു ക്യാംപെയ്ന്‍ ശക്തിപ്രാപിച്ചപ്പോഴായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി രംഗത്തുവന്നത്. നടന്‍ രാധാ രവി പീഡിപ്പിച്ചെന്ന് ആരോപിച്ച സ്ത്രീകയ്ക്ക് ചിന്മയി പിന്തുണ നല്‍കിയതും ചര്‍ച്ചയായിരുന്നു.