വഖഫ് നിയമത്തിനെതിരായ സോളിഡാരിറ്റി, SIO സമരം ആശയ പ്രചാരണത്തിനുള്ള വേദിയാക്കി, ജമാഅത്തെ ഇസ്ലാമിക്കെതിരെ സിറാജ് മുഖപ്രസംഗം

'തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കേരളം' എന്ന് കെ. സുരേന്ദ്രനെ പോലുള്ളവര്‍ക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നല്‍കി എന്നും മുഖപത്രമായ സിറാജില്‍ വിമര്‍ശനം.
വഖഫ് നിയമത്തിനെതിരായ സോളിഡാരിറ്റി, SIO സമരം ആശയ പ്രചാരണത്തിനുള്ള വേദിയാക്കി, ജമാഅത്തെ ഇസ്ലാമിക്കെതിരെ സിറാജ് മുഖപ്രസംഗം
Published on


വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംഘടിപ്പിച്ച സമരം തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് വിമര്‍ശനവുമായി സമസ്ത എ പി വിഭാഗം എഡിറ്റോറിയല്‍. അല്‍ഖയ്ദയിലെ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിറാജ് മുഖപ്രസംഗത്തില്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനക്ക് ഇടയിലും ആഴത്തിലുള്ള സൗഹൃദ നിലനില്‍ക്കുന്നുണ്ടെന്നും, 'തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കേരളം' എന്ന് കെ. സുരേന്ദ്രനെ പോലുള്ളവര്‍ക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നല്‍കി എന്നും മുഖപത്രമായ സിറാജില്‍ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കില്‍ ഇസ്ലാമിനെ ഒളിച്ചു കടത്തുകയാണെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

'മുസ്ലിംകളെ ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമെന്ന നിലയില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഈ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നിട്ടുണ്ട്. പാര്‍ലിമെന്റിലെ വോട്ടെടുപ്പ് വേളയില്‍ ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ വഖ്ഫ് നിയമത്തിനെതിരെയെന്ന പേരില്‍ സംഘടിപ്പിച്ച സമരം സോളിഡാരിറ്റിയും എസ് ഐ ഒയും തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്,' മുഖപ്രസംഗത്തില്‍ പറയുന്നു.

വഖഫ് നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ വഴിതിരിച്ചുവിടുന്ന വിവേകശൂന്യതയാണ് ജമാഅത്തിന്റെ യുവജന- വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുണ്ടായിരിക്കുന്നതെന്നും സിറാജ് വിമര്‍ശിക്കുന്നു.

ജമാഅത്തെ ഇസ്ലാമി ഇതാദ്യമല്ല, മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ- രാഷ്ട്രീയ പരിസരം വികസിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരങ്ങളിലും അവര്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ടെന്നും വിമര്‍ശിക്കുന്നു.

എവിടെ സമരം നടത്തണം, എപ്പോള്‍ നടത്തണം എന്നതൊക്കെ ആ സംഘടനയുടെ ഹിതമാണ്. പക്ഷേ ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഒരു പ്രമേയത്തെ ''സംഘടനാ ദൃശ്യത' എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖ്ഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തിരിക്കുന്നതെന്നും ലേഖനം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com