"കേരള പൊലീസില്‍ ആര്‍എസ്എസ്‌വത്ക്കരണം, RSSകാർ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല"; വിമര്‍ശിച്ച് കാന്തപുരം വിഭാഗം മുഖപത്രം

കേരളാ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിൻ്റെ പശ്ചാത്തലത്തിലാണ് സിറാജിൻ്റെ വിമര്‍ശനം
"കേരള പൊലീസില്‍ ആര്‍എസ്എസ്‌വത്ക്കരണം, RSSകാർ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല"; വിമര്‍ശിച്ച് കാന്തപുരം വിഭാഗം മുഖപത്രം
Published on

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ലെന്നും ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നു. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്നും ലേഖനത്തിൽ വിമര്‍ശിക്കുന്നു.

കേരളാ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിൻ്റെ പശ്ചാത്തലത്തിലാണ് സിറാജിൻ്റെ വിമര്‍ശനം. സംസ്ഥാന പൊലീസിൻ്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം പ്രകടമാണ്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. നിയമനടപടി സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും. എന്നാൽ, സംഘപരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും, ന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് നിലപാട് കടുപ്പിക്കുമെന്നും സിറാജ് ആരോപിക്കുന്നു.

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ലെന്ന് അന്നൊരു പൊലീസ് ഉദ്യോഗസ്ഥന്‍ തുറന്നെഴുതിയെന്നും സിറാജ് ചൂണ്ടിക്കാണിച്ചു.

സാധാരണഗതിയില്‍ പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതികളാണ് ഉയരുന്നത്. എന്നാല്‍ കേരള പൊലീസ് ഭരണപക്ഷത്തിൻ്റെ കടുത്ത വിരോധികളായ ആര്‍എസ്എസിൻ്റെ ഉപകരണമായി മാറുകയാണെന്നും സിറാജ് കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ആരോപണം എന്നതിനുപരിയായി സമുദായിക ആരോപണമാണ് കാന്തപുരം വിഭാഗം മുന്നോട്ടുവെക്കുന്നത്. നേരത്തെ സ്വർണക്കടത്ത് ആരോപണത്തിലും മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലും കാന്തപുരം വിഭാഗത്തിൻ്റെ യുവജന സംഘടനകൾ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com