സിസോദിയയും ഞാനും നിരപരാധികള്‍, സിബിഐ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു: അരവിന്ദ് കെജ്‌രിവാൾ

സിബിഐ വൃത്തങ്ങളടക്കം വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി കെജ്‌രിവാൾ കൂട്ടിച്ചേർത്തു
സിസോദിയയും ഞാനും നിരപരാധികള്‍, സിബിഐ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു: അരവിന്ദ്  കെജ്‌രിവാൾ
Published on

മദ്യനയക്കേസിൽ മനീഷ് സിസോദിയയെ കുറ്റപ്പെടുത്തിയെന്ന വാദം നിഷേധിച്ച് അരവിന്ദ് കെജ്‌രിവാൾ. സിസോദിയ നിരപരാധിയാണെന്ന് താന്‍ പറഞ്ഞിരുന്നതായും മദ്യനയ കേസില്‍ തന്നെയും സിസോദിയയെയും അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും കെജ്‍രിവാള്‍ പറഞ്ഞു.

സിബിഐ വൃത്തങ്ങളടക്കം വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി കെജ്‌രിവാൾ കൂട്ടിച്ചേർത്തു. നേരത്തെ പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതായി സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയ്ക്ക് മുമ്പാകെ അറിയിച്ചിരുന്നു.

അതിനിടെ മൂന്നു ദിവസത്തേക്ക് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം സ്റ്റേ ചെയ്ത ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി കെജ്‌രിവാൾ പിൻവലിച്ചു. സ്റ്റേ‌യ്ക്കെതിരെ നൽകിയ ഹർജി പരിഗണിക്കാനിരിക്കെയാണ് സിബിഐ തിരക്കിട്ട നീക്കം നടത്തി രാത്രിയോടെ ജയിലിലെത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തത്.

പക്ഷപാതപരമായാണ് അന്വേഷണ ഏജൻസികൾ പെരുമാറുന്നതെന്നും, ചോദ്യം ചെയ്ത വിവരം മാധ്യമങ്ങളിലുടെയാണ് അറിഞ്ഞതെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ അറിയിച്ചു. ചോദ്യം ചെയ്യാൻ സിബിഐ നൽകിയ അപേക്ഷയുടെ പകർപ്പും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com