യെച്ചൂരി, കാരാട്ട്... ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാധാരണ 'കോമ്രേഡറി'

ആശയപരമായി ഇരുവരും രണ്ടു തട്ടില്‍ നിന്നിട്ടുണ്ടെങ്കിലും ഇത്ര നീണ്ടകാലം സഹയാത്ര നടത്തിയ നേതാക്കള്‍ വേറെ ഇല്ല
യെച്ചൂരി, കാരാട്ട്... ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാധാരണ 'കോമ്രേഡറി'
Published on

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാധാരണ കോമ്രേഡറി എന്നാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള ബന്ധത്തെ വിശേഷിപ്പിക്കുന്നത്. ആശയപരമായി ഇരുവരും രണ്ടു തട്ടില്‍ നിന്നിട്ടുണ്ടെങ്കിലും ഇത്ര നീണ്ടകാലം സഹയാത്ര നടത്തിയ നേതാക്കള്‍ വേറെ ഇല്ല.

ജെഎന്‍യുവില്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദാനന്തരത്തിന് എത്തുമ്പോള്‍ യച്ചൂരിക്ക് കഷ്ടി ഇരുപതു വയസ്സു കഴിഞ്ഞിട്ടേയുള്ളു. 52 വര്‍ഷം മുന്‍പ് ആ സമയത്ത് അവിടെ എസ്എഫ്‌ഐയുടെ നേതാവ് പ്രകാശ് കാരാട്ടായിരുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി ഗവേഷണ വിദ്യാര്‍ഥിയായെത്തിയ കാരാട്ട് ഏറെ താമസിയാതെ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി.

ക്യാംപസിലെ ആ സൗഹൃദം അതോടെ സീതാറാം യെച്ചൂരിയെയും 1974 ല്‍ എസ്എഫ്‌ഐ അംഗമാക്കി. തൊട്ടടുത്തവര്‍ഷം യെച്ചൂരിക്ക് സിപിഐഎം അംഗത്വം. പിന്നെ അടിയന്തരവാസ്ഥയില്‍ ഇരുവരും ജയിലില്‍. തടവറയില്‍ നിന്നുള്ള മടങ്ങിവരവു മുതല്‍ ഇരുവരുടേയും രാഷ്ട്രീയ വളര്‍ച്ച ഒരേ വേഗത്തിലായിരുന്നു.

1982ല്‍ കാരാട്ട് പാര്‍ട്ടി ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി. അന്ന് യെച്ചൂരി എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1984ല്‍ ഇരുവരും ഒന്നിച്ച് കേന്ദ്രകമ്മിറ്റിയിലെത്തി. പിന്നെ അക്കാലത്തു നിലവില്‍ വന്ന കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് യെച്ചൂരി, കാരാട്ട്, പി രാമചന്ദ്രന്‍, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ ഒരുമിച്ചെത്തി. ആറുവര്‍ഷത്തിനു ശേഷം ഈ നാലുപേര്‍ ഒന്നിച്ച് പോളിറ്റ് ബ്യൂറോയിലും എത്തി.

കാരാട്ടും യെച്ചൂരിയും വിയോജിച്ചിട്ടുള്ളതു കേരള നയത്തില്‍ മാത്രമാണെന്നാണ് ഇരുവരേയും അറിയുന്നവര്‍ പറയാറുള്ളത്. പ്രകാശ് കാരാട്ട് എന്നും സംസ്ഥാനത്തെ ഔദ്യോഗിക ഭാരവാഹികള്‍ക്കൊപ്പം നിന്നപ്പോള്‍ പ്രായത്തില്‍ ചെറുപ്പമാണെങ്കിലും വിഎസിനോട് ഒരു വാല്‍സല്യമുണ്ടായിരുന്നു യെച്ചൂരിക്കെന്നും. ഇഎംഎസും ജ്യോതി ബസുവും ഉണ്ടായിരുന്ന ഹര്‍കിഷന്‍ സിങ് ജനറല്‍ സെക്രട്ടറിയായ പാര്‍ട്ടിയില്‍ ഇരുവരും നവ ആശയങ്ങളും നവനിലപാടുകളും ചര്‍ച്ചയ്ക്കു കൊണ്ടുവന്നു. 1992 മുതല്‍ സിപിഎം നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങളുടേയും നിലപാടുകളുടേയും അമരക്കാര്‍ മറ്റാരുമായിരുന്നില്ല. അത് കാരാട്ടും യെച്ചൂരിയും ആയിരുന്നു.

രണ്ടുദേശങ്ങളില്‍ നിന്ന് രണ്ടു സംസ്‌കാരവും രണ്ടുഭാഷയും പറഞ്ഞ് അര നൂറ്റാണ്ടു മുന്‍പ് ഒന്നിച്ചുവന്ന രണ്ടുപേര്‍ ഒന്നിച്ചു നടന്നതിനെയാണ് കമ്യൂണിസത്തില്‍ കോമ്രേഡറി എന്നു വിളിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ സഖാക്കളായിരുന്നു ഇരുവരും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com