മുംബൈയിൽ സർക്കാർ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി; 49 പേർക്ക് ഗുരുതര പരുക്ക്

ബ്രിഹാൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് ബസാണ് അപകടമുണ്ടാക്കിയത്
മുംബൈയിൽ സർക്കാർ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി; 49 പേർക്ക് ഗുരുതര പരുക്ക്
Published on


മുംബൈയിൽ അമിത വേഗതയിലെത്തിയ സർക്കാർ ബസ് നിയന്ത്രണം വിട്ട് പല വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി. അപകടത്തില്‍ 49 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുർളയിലെ എൽബിഎസ് റോഡിൽ കഴിഞ്ഞദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. ബ്രിഹാൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് ബസാണ് അപകടമുണ്ടാക്കിയത്. കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്കുള്ള യാത്രയിലാണ് അപകടം.

വാഹനത്തിൻ്റെ ബ്രേക്ക് തകരാറായതാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രഥമിക നിഗമനം. ബ്രേക്കില്ലാതെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ബസിടിച്ച് നിരവധി കാറുകളും ഓട്ടോറിക്ഷകളും തകർന്നു. പരുക്കേറ്റവരെയെല്ലാം മുംബൈയിലെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കൃത്യമായ മരണസംഖ്യ സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്. അപകടത്തെത്തുടർന്ന് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയതോടെ കുർള റെയിൽവേ സ്റ്റേഷനിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

മുൻകരുതൽ നടപടിയായി സംസ്ഥാന സുരക്ഷാ കോർപ്പറേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരോടൊപ്പം പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാരിനെ സമീപിക്കുമെന്നും നിയമസഭാംഗം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com