
ശ്രീലങ്കയിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് കിഴക്കുള്ള ഹബരാനയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.
ശ്രീലങ്കയിൽ ആനകൾ ട്രെയിൻ ഇടിച്ച് ചരിയുന്നത് അപൂർവ സംഭവമല്ല. മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇരുവശത്തുമുള്ള മരണനിരക്ക് ഏറ്റവും ഉയർന്ന രാജ്യമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം വിവിധ അപകടങ്ങളിലായി 500 ആനകൾ ചരിഞ്ഞപ്പോൾ 170 ആളുകളാണ് കൊല്ലപ്പെട്ടത്. എല്ലാ വർഷവും ട്രെയിനപകടങ്ങളിൽ മാത്രമായി കുറഞ്ഞത് 20 ആനകളോളം ചരിയുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വനനശീകരണവും വിഭവശോഷണവും കാരണമാണ് ആനകൾ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ വിട്ട് മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് വരുന്നത്. വനത്തിനോട് ചേർന്ന റെയിൽവേ ട്രാക്കുകൾ ആനകൾ മുറിച്ചു കടക്കുന്നത് സാധാരണയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ലോക്കോ പൈലറ്റുകൾ ട്രെയിനിന്റെ വേഗത കുറയ്ക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യാറുണ്ട്. എന്നാൽ എപ്പോഴും ഇത് അപകടം ഒഴിവാക്കാറില്ല.
2018ൽ ഗർഭിണിയായ ഒരു ആനയും രണ്ട് കുട്ടിയാനകളും ഹബരാനയിൽ ട്രെയിനിടിച്ച് ചരിഞ്ഞിരുന്നു. പുലർച്ചെ ട്രെയിൻ ട്രാക്ക് മുറിച്ചുകടന്ന ഒരു വലിയ കൂട്ടത്തിന്റെ ഭാഗമായിരുന്നു മൂന്ന് ആനകളും. കഴിഞ്ഞ ഒക്ടോബറിൽ ഹബരാനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ മിന്നേരിയയിൽ മറ്റൊരു ട്രെയിൻ ഒരു ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ട് ആനകൾ കൊല്ലപ്പെടുകയും ഒന്നിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ ഏകദേശം 7,000 കാട്ടാനകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബുദ്ധമതക്കാർ ആരാധിക്കുന്ന മൃഗങ്ങളെ നിയമപ്രകാരം സംരക്ഷിക്കുന്ന രാജ്യത്ത് ആനയെ കൊല്ലുന്നത് തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.