
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. വാങ്ങിയ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്. വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. ന്യായീകരിക്കാൻ പറ്റാത്ത തെറ്റാണ് ഇവർ ചെയ്തതെന്ന് മന്ത്രി പി. പ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അനധികൃതമായി കൈപ്പറ്റിയ മുഴുവൻ തുകയും ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണം. ജീവനക്കാർ ക്ഷേമപെൻഷൻ കരസ്ഥമാക്കിയത് അബദ്ധത്തോടെയല്ലെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ക്രിസ്‌തുമസിന് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച മുതൽ 62 ലക്ഷം പേർക്ക് 1600 രൂപ വീതം പെൻഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായാണ് ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ.
373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്.