

കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനി യിങ് ലോണിന് കീഴിലുള്ള പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങി. മാനേജർമാരായ സോങ്ങ്, ബോണി എന്നിവരെ പിടികൂടാനായി കേന്ദ്ര ഏജൻസികളുടെ സഹായം തേടും. ചൈനീസ് പൗരന്മാരായ രണ്ട് പേരും കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ സഹായം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് മട്ടാഞ്ചേരി എസിപി അപേക്ഷ നൽകിയത്.
അതേസമയം, മനുഷ്യക്കടത്തിന് ഇരകളായ രണ്ട് മലയാളികളുൾപ്പെടെ ആറ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കേരള സൈബർ പൊലീസിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. കഴിഞ്ഞ ദിവസം തോപ്പുപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏജൻ്റുമാരായ മുഖ്യപ്രതികളെ പിടികൂടിയിരുന്നു.
മുഖ്യപ്രതി അഫ്സർ അഷറഫ്, രണ്ടാം പ്രതി ബാദുഷ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സർ നാട്ടിൽ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് അയച്ചിരുന്നത് ബാദുഷയാണ്. സംഭവവുമായി ബന്ധപ്പെട്ട് എൻഐഎയും പ്രാഥമികാന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തോപ്പുംപടി പൊലീസിനോട് തേടിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും എൻഐഎ പറഞ്ഞു.