
ഉത്തര്‍പ്രദേശിലെ മീററ്റില്‍ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മിനകത്താക്കിയ കാര്യം ആറ് വയസുകാരിയായ മകള്‍ അറിഞ്ഞിരുന്നെന്ന് സൂചന. അച്ഛന് ഡ്രമ്മിനകത്തുണ്ടെന്ന് മകള്‍ അയല്ക്കാരോടടക്കം പറഞ്ഞതായി സൗരഭിന്റെ അമ്മ രേണു ദേവി പറയുന്നു. കുട്ടി കൊലപാതകം കണ്ടു കാണുമെന്നാണ് രേണു ദേവി പറയുന്നത്.
ആറ് വയസുകാരിയായ മകളുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ലണ്ടണില്‍ നിന്നും സൗരഭ് മീററ്റിലെത്തിയത്. എന്നാല്‍ ഭാര്യ മുസ്കാന് രസ്തഗിയും ആണ് സുഹൃത്തായ സഹിലും ചേര്‍ന്ന് സൗരഭിനെ വെട്ടി കൊലപ്പെടുത്തി കഷണങ്ങളാക്കി നനഞ്ഞ സിമന്റ് നിറച്ച ഡ്രമ്മിനകത്താക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ ടൂര്‍ പോവുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
ഇവര്‍ താമസിക്കുന്ന വാടക വീട് പുതുക്കി പണിയുന്നതിനായി ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഉടമസ്ഥന് മുസ്കാനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ട്രിപ്പ് പോയി വന്നതിന് ശേഷം ഉടമസ്ഥന് വീടൊഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ഡ്രം എടുത്തുമാറ്റാന്‍ സാധിച്ചിരുന്നില്ല. ഡ്രമ്മിലെന്താണെന്ന് ചോദിച്ചപ്പോള്‍ മാലിന്യങ്ങളും മറ്റുമാണെന്നാണ് മുസ്കാന് പറഞ്ഞിരുന്നത്. എന്നാല്‍ പണിക്കാര് എത്തി മൂടി തുറന്നപ്പോള്‍ അഴുകിയ മണം പുറത്തുവരികയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പൊലീസിനെ വിളിക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയം ആയപ്പോഴേക്കും മസ്കാന് തന്റെ രക്ഷിതാക്കളുടെ വീട്ടില്‍ എത്തിയിരുന്നു. മുസ്കാന്റെ അമ്മ കവിത രസ്തോഗി മകള്‍ തങ്ങളുടെ അടുത്ത് എല്ലാം തുറന്നു പറഞ്ഞെന്നും ഈ സമയം അവളെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെന്നും പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് വിവരം പുറത്തുവരുന്നത്. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ ഇയാളുടെ ഫോണില്‍ നിന്നും ഭാര്യ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. 2016 ലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുസ്കനും സൗരഭും വിവാഹിതരായത്. വാടക അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും താമസിച്ചത്.