
യുഎസിൽ സ്ലാപ്പ്ഡ് ചീക്ക് വൈറസ് അഥവാ പാർവോവൈറസ് ബി-19 വ്യാപിക്കുന്നു. കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടായതായി യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. അഞ്ച് മുതൽ ഒമ്പത് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് രോഗം കൂടുതൽ പിടിപെടുന്നത്. ഗർഭിണികളിലും വൈറസ് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിഡിസി വ്യക്തമാക്കി.
വൈറസ് ബാധിതർക്ക് സാധാരണയായി പ്രാഥമിക പരിചരണം മാത്രമേ ആവശ്യമുള്ളൂവെങ്കിലും, ഗർഭിണികൾക്ക് വൈറസ് ബാധയുണ്ടായാൽ ഗർഭസ്ഥശിശുവിന അനീമിയ, നോൺ-ഇമ്മ്യൂൺ ഹൈഡ്രോപ്സ്, ഗർഭഛിദ്രം എന്നിവയടക്കം സംഭവിക്കാം. 9 മുതൽ 18 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുക്കളിലാണ് അപകട സാധ്യത കൂടുതലെന്നും സിഡിസി അറിയിച്ചു.
2022-2024 കാലയളവിൽ 15% ആയിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളെങ്കിൽ 2024 ജൂണിൽ വരെ 40% ആയി ഉയർന്നെന്നും ഏജൻസി അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന പാര്‍വോവൈറസില്‍ നിന്ന് വ്യത്യസ്തമാണ് ഈ രോഗം.
ALSO READ: എംപോക്സ്: രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരും. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗം പകരാം. പനി, ദേഹാസ്വാസ്ഥ്യം എന്നിവയാണ് രോഗം പിടിപെട്ട ആദ്യ ആഴ്ചകളിൽ കാണിക്കുന്ന ലക്ഷണങ്ങൾ. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ മുഖത്ത് ചുണങ്ങുകളും, കവിളുകളിൽ ചുവന്നുവീർത്ത പാടുകളും പ്രത്യക്ഷപ്പെടും, കൂടാതെ വിട്ടുമാറാത്ത ശരീര വേദനയും ഇതോടപ്പം ഉണ്ടാകും. വൈറസ് ബാധയുണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും ഏജൻസി വ്യക്തമാക്കി.