സ്മാർട്ട്‌ സിറ്റി പദ്ധതി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭ തീരുമാനം കരാറിനു വിരുദ്ധം

പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നാണെന്ന് രേഖപ്പെടുത്തിയ 2007ലെ കരാറിന്‍റെ പകർപ്പ് പുറത്തുവന്നു
സ്മാർട്ട്‌ സിറ്റി പദ്ധതി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭ തീരുമാനം കരാറിനു വിരുദ്ധം
Published on

സ്മാർട്ട്‌ സിറ്റി പദ്ധതിയില്‍ കെട്ടിടനിർമാണത്തിനടക്കം മുടക്കിയ തുക വിലയിരുത്തി ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭ തീരുമാനം കരാറിനു വിരുദ്ധം. പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നാണെന്ന് രേഖപ്പെടുത്തിയ 2007ലെ കരാറിന്‍റെ പകർപ്പ് പുറത്തുവന്നു. കരാറൊപ്പിട്ട് 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാൽ സംസ്ഥാന സർക്കാരിന്‍റെ സമ്മർദത്തിനൊടുവില്‍ ടീ കോം പിന്മാറാന്‍ തീരുമാനിച്ചിരുന്നു.

കാക്കനാട് ഇൻഫോ പാർക്കിനോടു ചേർന്ന് ഐടി ടൗൺഷിപ്പെന്ന നിലയിലാണ് സ്മാർട്ട് സിറ്റി പദ്ധതി ആവിഷ്കരിച്ചത്. 2011ല്‍ ടീകോമും സർക്കാരും കരാറില്‍ ഒപ്പുവെച്ചു. സംസ്ഥാന സർക്കാരിന് 16 ശതമാനവും ടീകോമിന്റെ മാതൃ സ്ഥാപനമായ ദുബായ് ഹോൾഡിങ്‌സിന് 84 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. 2016ല്‍ പദ്ധതിയുടെ ആദ്യ ഐടി ടവറും ഉദ്ഘാടനം ചെയ്തു. 2020ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നാളിതുവരെ ടീകോം കൊച്ചിയില്‍ നിക്ഷേപങ്ങള്‍ നടത്തുകയോ കരാർ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. സർക്കാരുമായി പലവട്ടം ചർച്ചകള്‍ നടന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. ഈ സമിതിയാണ് പദ്ധതിയില്‍ നിന്നും പരസ്പര ധാരണയോടെ പിന്മാറാമെന്ന നയം ശുപാർശ ചെയ്തത്. ഇത് മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും യോഗം തീരുമാനിച്ചിരുന്നു. യുഎഇക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടു പോകേണ്ടെന്ന ടീ കോമിന്റെ തീരുമാനവും സ്മാർട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള നീക്കത്തിനു പിന്നിലുണ്ട്.

അതേസമയം, ടീകോമിനു നഷ്ടപരിഹാരം നല്‍കാനുള്ള സർക്കാരിന്‍റെ തീരുമാനത്തെ പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും വിമർശിച്ചു. 10 വർഷക്കാലമായി 246 ഏക്കർ ഉപയോഗശൂന്യമാക്കിയിട്ടതിനു കമ്പനിക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനമായത്. കരാറുകളുടെയും ചട്ടങ്ങളുടെയും ലംഘനം നടത്തുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നും ഇതിനുപിന്നിൽ വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുമെന്നതിന്റെ അർഥം സർക്കാരിന് വീഴ്ച ഉണ്ടായി എന്നതാണ്. കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും കൊടുക്കാനുള്ള ഗൂഢമായ നീക്കമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വി.ഡി. സതീശന്‍റെ വിമർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com