ഉപ്പെന്ന വ്യാജേന അരിക്കടത്ത്; വല്ലാര്‍പാടത്ത് കസ്റ്റംസ് പിടിച്ചത് ഒരു കോടിയിലേറെ രൂപയുടെ അരി

തമിഴ്നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ പേരിലുള്ള കണ്ടയിനറുകൾ വഴിയാണ് അരി കടത്താൻ ശ്രമിച്ചത്
ഉപ്പെന്ന വ്യാജേന അരിക്കടത്ത്; വല്ലാര്‍പാടത്ത് കസ്റ്റംസ് പിടിച്ചത് ഒരു കോടിയിലേറെ രൂപയുടെ അരി
Published on

വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി ഉപ്പ് ആണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച കിലോ കണക്കിന് അരി പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സാണ് കണ്ടെയ്‌നര്‍ വഴി കടത്താന്‍ ശ്രമിച്ച അരി പിടികൂടിയത്. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ മൂന്ന് കണ്ടെയ്നറുകളിലായി ഏകദേശം ഒരു കോടിയിലേറെ രൂപയുടെ അരിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

ഉപ്പെന്ന വ്യാജേന അമേരിക്കയിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കവെയാണ് കണ്ടെയ്നറുകള്‍ കസ്റ്റംസിന്റെ പിടിയിലാവുന്നത്. കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു കണ്ടെത്തിയത്. എന്നാൽ പിന്നീടുള്ള പരിശോധനയിൽ ചാക്കുകളിൽ നിന്നും കിലോക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി കണ്ടെടുത്തു. ചൈനയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വ്യാപാരികളാണ് അരി കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

നിലവിൽ മട്ട അരി മാത്രമേ നികുതി അടച്ച് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുകയുള്ളൂ. ബാക്കി എല്ലാതരം അരികളുടെയും കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് അരി കിട്ടാത്ത സാഹചര്യം ഉണ്ടാവരുതെന്ന കരുതലിലാണ് ഈ നിരോധനം.

ഇന്ത്യയിൽ ഉത്പാദിക്കപ്പെടുന്ന അരി ദുബായ് പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണെങ്കിൽ വ്യാപാരികൾക്ക് മൂന്നിരട്ടിയിലധികം ലാഭം ലഭിക്കും. ഇതു മൂലം ചരക്കുകൾ വഴി അരി കയറ്റിയയക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കഴിഞ്ഞ മാസം കോഴിക്കോട് നിന്നുള്ള ചില വ്യാപാരികൾ ഇത്തരത്തിൽ അരി കടത്താൻ ശ്രമിക്കവെ പിടിയിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com