
സ്‌നാപ് ചാറ്റ് എന്ന ആപ്പിനെ പറ്റി പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യകതയില്ല. ആളുകൾ നിത്യേന ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളുടെ ലിസ്റ്റിൽ സ്‌നാപ്‌ചാറ്റിൻ്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. വിനോദത്തിനായി ആശ്രയിക്കുന്ന ഇത്തരം ആപ്പുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ സ്‌നാപ്പ് ചാറ്റുമായി ബന്ധപ്പെട്ടൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഓൺലൈൻ ഗ്രൂമിംഗിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി സ്‌നാപ്‌ചാറ്റ് മാറിയെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ ചാരിറ്റിയായ എൻഎസ്‌പിസിസിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഇൻ്റർനെറ്റ് തന്ത്രങ്ങളെയാണ് ഓൺലൈൻ ഗ്രൂമിംഗ് എന്നതു കൊണ്ട് അർഥമാക്കുന്നത്.
ഇത്തരത്തിലൊരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ 2024 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിലുടനീളം 7,000-ലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്. ഗ്രൂമിംഗുമായി ബന്ധപ്പെട്ട 1,824 കേസുകളിൽ പകുതിയോളം സ്‌നാപ് ചാറ്റ് എന്ന് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷിത ഇടമായി മാറ്റുമെന്ന ചിന്തയിലാണ് ഇന്നത്തെ സമൂഹം മുന്നോട്ട് പോകുന്നതെന്ന് എൻഎസ്‌പിസിസി വ്യക്തമാക്കി. എന്നാൽ യുവജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ "സീറോ ടോളറൻസ്" ഉണ്ടെന്നും കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്‌നാപ് ചാറ്റ് അധികൃതർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌നാപ് ചാറ്റുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു, എന്നാണ് കുട്ടികളുടെ സംരക്ഷണത്തിനായുള്ള നാഷണൽ പൊലീസ് ചീഫിൻ്റെ കൗൺസിൽ ലീഡ് ബെക്കി റിഗ്‌സിൻ്റെ പ്രതികരണം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ഇടങ്ങൾ സൃഷ്ടിക്കുന്ന കമ്പനികളുടേതാണെന്നും, കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പാലിക്കേണ്ട നിയമങ്ങൾ ശക്തിപ്പെടുത്തുന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രൂമിംഗ് കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ വിവരങ്ങൾ എല്ലായ്‍പ്പോഴും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അറിയാവുന്ന കേസുകളിൽപ്പെട്ടവരിൽ അഞ്ചിൽ നാലും പേരും പെൺകുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇരയായ ഒരു പെൺകുട്ടി ഇത്തരത്തിലൊരു സംഭാഷണത്തിനായി സ്‌നാപ് ചാറ്റ് ഉപയോഗിക്കുമ്പോൾ അവൾക്ക് എട്ട് വയസ്സായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആ എട്ടുവയസുകാരിയുടെ മാതാവ്, പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രെഫൈൽ ഉണ്ടാക്കി. പിന്നീട് ആ മനുഷ്യൻ സന്ദേശമയച്ചതിന് പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മകളുടെ എതിർപ്പ് മറികടന്ന് മകളുടെ ഉപകരണങ്ങളും സന്ദേശങ്ങളും ആഴ്ചതോറും അവർ പരിശോധിക്കുന്നുണെന്നും, മകൾ സുരക്ഷിതയാക്കണമെന്ന് ഉറപ്പു വരുത്തേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും അവർ പ്രതികരിച്ചു.
'സ്‌നാപ് ചാറ്റിൻ്റെ രൂപകൽപ്പനയിലെ പ്രശ്നങ്ങൾ'
യുകെയെ സംബന്ധിച്ച് ചെറിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് സ്‌നാപ് ചാറ്റ്. എന്നാൽ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ വളരെ ജനപ്രിയമായൊരു സോഷ്യൽ മീഡിയ കൂടിയാണ് ഇത്. സ്‌നാപ് ചാറ്റിൻ്റെ രൂപകൽപ്പനയിലെ പ്രശ്‌നങ്ങളും കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന് കുട്ടികളുടെ ഓൺലൈൻ സുരക്ഷാ പോളിസി മാനേജറായ ഗോവേന്ദർ പറയുന്നു. സ്‌നാപ് ചാറ്റിലെ സന്ദേശങ്ങളും ചിത്രങ്ങളും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. കുറ്റകരമായ പെരുമാറ്റം ട്രാക്ക് ചെയ്യുന്നത് ഇത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ സ്വീകർത്താവ് സന്ദേശം സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ടോയെന്നും അയക്കുന്നവർക്കും അറിയാൻ സാധിക്കും. യുവജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഭീതിപ്പെടുത്തുന്ന ഒന്നാണെന്ന് സ്‌നാപ് ചാറ്റ് വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഇത്തരം പ്രവർത്തനങ്ങൾ തിരിച്ചറിയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ, അത്തരം പ്രൊഫൈലുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യുകയും അക്കൗണ്ട് പ്രവർത്തന രഹിതമാക്കുകയും ചെയ്യുമെന്ന് സ്‌നാപ് ചാറ്റ് വക്താവ് വ്യക്തമാക്കി. കൂടാതെ കുറ്റവാളിയെ സ്‌നാപ് ചാറ്റിൽ വേറെ പ്രൊഫൈൽ തുടങ്ങുന്നതിൽ നിന്നും തടയുമെന്നും അധികാരികളെ അറിയിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
2017-ൽ കുട്ടികളുമായുള്ള ലൈംഗിക ആശയവിനിമയം കുറ്റകരമാണെന്ന നിയമം വന്നിട്ട് പോലും ഗ്രൂമിംഗ് സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഈ വർഷം മാത്രം 7,062 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതോടെ കേസുകൾ പുതിയ റെക്കോർഡിലെത്തി. കഴിഞ്ഞ വർഷം ഗ്രൂമിംഗ് കുറ്റകൃത്യത്തിൽ 1,824 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 48% വും സ്‌നാപ് ചാറ്റ് വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വാട്‍സ്ആപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗ്രൂമിംഗ് കുറ്റകൃത്യങ്ങളിൽ ചെറുതായി വർധനവ് ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇത്തരം കേസുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്. തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വാട്ട്‌സ്ആപ്പ് വക്താക്കൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. "അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന ഈ നികൃഷ്ടമായ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്" എന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള സംരക്ഷണത്തിനും അതിക്രമത്തിനും വേണ്ടിയുള്ള മന്ത്രി ജെസ് ഫിലിപ്പ് പറഞ്ഞു.
ഇത്തരത്തിൽ പുതുതലമുറ പ്രധാനമായും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ് ചാറ്റ് പോലെ ഒരു ആപ്ലിക്കേഷൻ എത്രത്തോളം സുരക്ഷിതമാണെന്നും, അതുപയോഗിക്കുന്നവരുടെ സ്വകാര്യതയെ എത്രത്തോളം സുരക്ഷിതമാക്കി മാറ്റുന്നുണ്ട് എന്നതും ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമാണ്. അത് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു പരിധി വരെ സുരക്ഷിതരാകുമെന്ന് പറയാം. എന്നാൽ അത്തരം ആളുകളെ കാത്തിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന പ്രശ്നത്തിൻ്റെ ആഘാതം എത്രത്തോളമാണെന്ന് പറയാൻ സാധിക്കില്ല.