ഹാട്രിക്ക് നേട്ടത്തിന്റെ 'തടവില്‍' ഫാസില്‍ റസാഖ്; ഐഐഎഫ്കെയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം

2023ലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും ഫാസിൽ സ്വന്തമാക്കിയിരുന്നു.
ഹാട്രിക്ക് നേട്ടത്തിന്റെ 'തടവില്‍' ഫാസില്‍ റസാഖ്; ഐഐഎഫ്കെയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം
Published on




മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഫാസില്‍ റസാഖ്, ആദ്യ ചിത്രമായ 'തടവി'ലൂടെ ഹാട്രിക്ക് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2023ലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും ഫാസിൽ റസാഖ് സ്വന്തമാക്കിയിരുന്നു. നേട്ടങ്ങളുടെ പട്ടികയിലേക്ക് സംസ്ഥാന പുരസ്കാരം കൂടിയെത്തുമ്പോള്‍ വളരെ സന്തോഷത്തിലാണ് ഫാസില്‍. "ആദ്യ ചിത്രത്തിലൂടെ ലഭിക്കുന്ന നേട്ടത്തിന് വളരെ പ്രത്യേകതകളുണ്ട്. വളരെ.. വളരെ സന്തോഷം. അതിനപ്പുറം ഇപ്പോള്‍ പറയാനാകുന്നില്ല. പുരസ്കാരം പ്രതീക്ഷിച്ചിരുന്നോയെന്ന് ചോദിച്ചാല്‍, എന്താണ് പറയേണ്ടതെന്നു പോലും ഇപ്പോള്‍ അറിയില്ല. സന്തോഷമെന്നാണ് പറയാനുള്ളത്. ബീനചേച്ചിയുടെ നേട്ടം സന്തോഷം ഇരട്ടിപ്പിക്കുന്നു. ടീം വര്‍ക്കിനുള്ള നേട്ടമായാണ് കരുതുന്നത്" ഫാസില്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അ‌തിര്, പിറ എന്നീ രണ്ട് ഹ്രസ്വചിത്രങ്ങൾക്കു ശേഷമാണ് ഫാസില്‍ ഫീച്ചര്‍ സിനിമയിലേക്ക് തിരിയുന്നത്. ഇഷ്ടമുള്ളൊരു സബ്ജക്ട് ഇഷ്ടപ്പെട്ട രീതിയില്‍ ചിത്രീകരിക്കണമെന്ന താല്‍പര്യമാണ് ഫാസിലിനെ 'തടവി'ലെത്തിച്ചത്. ഒരു ടീമായിട്ടായിരുന്ന സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. പലരുടെയും അഭിപ്രായങ്ങൾ ഉള്‍ക്കൊണ്ട് കേട്ട് സ്ക്രിപ്റ്റ് ശക്തിപ്പെടുത്തിയശേഷമായിരുന്നു ഷൂട്ടിംഗ്. സ്വന്തം നാടായ പാലക്കാടും പട്ടാമ്പിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ വീടുകളും പരിസരങ്ങളും വ്യക്തികളുമൊക്കെയാണ് കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയത്. പ്രമേയത്തെ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന നാടിനെയും നാട്ടുകാരെയുമൊക്കെ സിനിമയിലേക്ക് ഇടകലര്‍ത്തുകയായിരുന്നു. ഒരു അംഗനവാടി ടീച്ചറുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും അതിനെ അവര്‍ അ‌തിജീവിക്കാൻ ശ്രമിക്കുന്നതുമാണ് 'തടവ്' പറയുന്നത്. കേന്ദ്ര കഥാപാത്രം ചെയ്ത ബീന ആര്‍ ചന്ദ്രനാണ് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടത്. മുംബൈയിലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലായിരുന്നു തടവ് ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com