
ബ്രിട്ടീഷ് ഗായകൻ എഡ് ഷീരന്‍റെ ബംഗളുരുവിലെ സ്ട്രീറ്റ് ഷോ പൊലീസ് ഇടപെട്ട് തടഞ്ഞതിൽ വ്യപക വിമർശനം. നടപ്പാതയില്‍ തടസ്സമുണ്ടാക്കും വിധം നിന്നതിനാലാണ് ഗായകനെ ഒഴിവാക്കിയതെന്നാണ് ബെംഗളുരു പൊലീസിന്‍റെ വിശദീകരണം. എന്നാൽ മുന്‍കൂർ അനുമതിയോടെയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് സംഭവത്തില്‍ എഡ് ഷീരന്‍ പറയുന്നത്.
ഞായറാഴ്ച രാവിലെയാണ് ബംഗളുരുവിലെ ചർച്ച് സ്ട്രീറ്റില്‍ നാടകീയ ദൃശ്യങ്ങള്‍ അരങ്ങേറിയത്. ഗ്രാമി ജേതാവായ കലാകാരൻ ആരാധകർക്ക് സർപ്രൈസ് നൽകാനായായിരുന്നു ബെംഗളൂരു ചർച്ച് സ്ട്രീറ്റിലെ തെരുവിൽ പാടാനെത്തിയത്. എന്നാൽ എഡ് ഷീരൻ പാട്ട് പാടാൻ ആരംഭിച്ചതോടെ പൊലീസെത്തി തടയുകയായിരുന്നു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായതിനാൽ, സംഗീതപരിപാടി അവതരിപ്പിക്കാനാവില്ലെന്നായിരുന്നു പൊലീസിൻ്റെ പക്ഷം. പക്ഷേ ആരാധകർക്ക് സമ്മാനം നൽകാനെത്തിയ എഡ് ഷീരൻ പിൻമാറിയില്ല. ഗായകൻ പരിപാടി അവതരിപ്പിക്കാൻ തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ ആളുകൾ സ്ഥലത്തെത്താനും തുടങ്ങി. താരത്തിന്‍റെ ജനപ്രിയ ഗാനമായ ഷേപ്പ് ഓഫ് യു ആണ് പാടാന്‍ തിരഞ്ഞെടുത്തത്.
രണ്ടു വരിപാടിയപ്പോഴേക്കും സീനിലേക്കെത്തിയ പൊലീസുകാരന്‍ പാട്ടുനിർത്താന്‍ പറഞ്ഞു. പിന്നാലെ മെെക്കിന്‍റെ കണക്ഷന്‍ ഊരിവിട്ടു. സ്ഥലം വിടാനും നിർദേശിച്ചു. സമീപത്തുള്ളവർ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ അയഞ്ഞില്ല. ഇത്രയുമാണ് ഇപ്പോള്‍ വെെറലാകുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍.
മണിക്കൂറുകള്‍ക്ക് ശേഷം, സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഷീരന്‍ തന്‍റെ ടീം ചർച്ച് സ്ട്രീറ്റിലെ പരിപാടിക്ക് അനുമതി നേടിയിരുന്നു എന്ന് വ്യക്തമാക്കി. അതേസമയം, നടപ്പാതയില്‍ തടസ്സമുണ്ടാക്കും വിധം നിന്ന ഗായകനെ കൂടുതല്‍ പ്രശ്നങ്ങളൊഴിവാക്കാനാണ് നീക്കിയതെന്നാണ് ബംഗളൂരു പൊലീസിന്‍റെ വിശദീകരണം. പുറത്തുവരുന്ന ദൃശ്യങ്ങളില്‍ വലിയ ജനക്കൂട്ടത്തെയൊന്നും കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടി ആരാധകർ ഈ വാദത്തെ തള്ളുന്നുണ്ട്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ വൈറലായതോടെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എഡ് ഷീരൻ കന്നഡയിൽ പാടത്തതാണ് ഇതിനൊക്കെ കാരണമെന്നാണ് ഒരു ഉപയോക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചത്. സംഭവസ്ഥലത്ത് താനുമുണ്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന് വിഷയം അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.
നിലവിൽ ഇന്ത്യയിൽ ഒരു സംഗീത പര്യടനത്തിലാണ് എഡ് ഷീരൻ. പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിൽ, ഗായകൻ അർമാൻ മാലിക് അദ്ദേഹത്തിനായി ഗാനം അവതരിപ്പിച്ചു. ചെന്നൈയിലെ അദ്ദേഹത്തിന്റെ സംഗീത പരിപാടിയിൽ ഇതിഹാസ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ച് ഉർവശി എന്ന പ്രശസ്ത ഗാനം ആലപിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.