
സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് തിരികൊളുത്തി യു.എസ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അബ്ദുള്‍ പരാമര്‍ശം. താലിബാന്‍ നേതാവിന് തന്റെ സ്വന്തം വീടിന്റെ ചിത്രം അയച്ചുകൊടുത്തുവെന്ന പരാമര്‍ശമാണ് ട്രോളുകള്‍ക്കും മീമുകള്‍ക്കും തിരികൊളുത്തിയിരിക്കുന്നത്.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിന് മുന്നോടിയായി താലിബാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അബ്ദുള്‍ എന്നയാള്‍ക്ക് തന്റെ വീടിന്റെ ചിത്രം അയച്ചു കൊടുത്തതെന്ന് അന്ന് പ്രസിഡന്റായിരുന്ന ട്രംപ് പറഞ്ഞത്. താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയതില്‍ വന്ന വീഴ്ച ചൂണ്ടിക്കാട്ടി കമല ഹാരിസ്സ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം.
യുഎസ് സൈനികരെ താലിബാന്‍ വധിക്കുന്ന സമയത്താണ് താലിബാന്‍ തലവനായിരുന്ന അബ്ദുള്‍ ഘാനി ബരാദറിനോട് താൻ സംസാരിച്ചതെന്നും ട്രംപ് പറയുന്നു.
'ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് ഞാന്‍ അബ്ദുളിനോട് പറഞ്ഞു. ഇനിയും ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകും. എന്റെ വീടിന്റെ ചിത്രം എന്തിനാണ് തനിക്ക് അയച്ചതെന്ന് അന്ന് അബ്ദുള്‍ ചോദിച്ചു. അത് നിങ്ങള്‍ക്ക് ഉടന്‍ മനസിലാകുമെന്ന് ഞാന്‍ പറഞ്ഞു,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
എന്തിനാണ് വീടിന്റെ ചിത്രങ്ങള്‍ അയച്ചതെന്ന് ചോദിച്ചപ്പോള്‍ അത് വഴിയെ മനസിലാകുമെന്ന് ട്രംപ് പറയുന്ന വാക്കുളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായും മീമുകളായും നിറയുന്നത്. എക്സിലാണ് പ്രധാനമായും മീമുകള്‍ നിറയുന്നത്. ചിത്രങ്ങള്‍ക്കൊപ്പം, അതേസമയം എബിസി ന്യൂസ് ഡിബേറ്റ് കാണുന്ന താലിബാന്‍ നേതാവ് അബ്ദുള്‍, അബ്ദുള്‍ ആഗോള തലത്തില്‍ പ്രശസ്തനായി തുടങ്ങിയ മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.