'പരിമിതികളെ ദൃഢനിശ്ചയം കൊണ്ട് മറികടന്ന സാക്ഷരതാ പ്രവർത്തക'; പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു
'പരിമിതികളെ ദൃഢനിശ്ചയം കൊണ്ട് മറികടന്ന സാക്ഷരതാ പ്രവർത്തക'; പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു
Published on

സാമൂഹിക - സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. 59 വയസായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായ റാബിയ 1966 ഫെബ്രുവരി 25നാണ് ജനിച്ചത്. പതിനാലാം വയസിൽ പോളിയോ ബാധിച്ച് റാബിയയുടെ അരയ്ക്ക് താഴെ തളർന്നതോടെ വീൽ ചെയറിൻ്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജീവിതം. ഇതിന് പുറമെ കാൻസറും ബാധിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് റാബിയ വിദ്യാഭ്യാസ, സാമൂഹ്യരംഗത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. വിപ്ലവകരമായ തൻ്റെ ജീവിതത്തിലൂടെ റാബിയ നടത്തിയ പോരാട്ടം ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു.

പ്രീ ഡിഗ്രി കാലത്തിന് ശേഷം വീട്ടിൽ സാക്ഷരതാ ക്ലാസ് തുടങ്ങിയ റാബിയ നിരക്ഷരരായ നിരവധി പേർക്ക് വീൽ ചെയറിലിരുന്ന് അക്ഷരം പകർന്ന് നൽകി. തൻ്റെ പരിമിതികളൊന്നും സ്വപ്നം കാണാൻ തടസമല്ലെന്ന് തെളിയിക്കുന്നതായിരുന്നു റാബിയയുടെ ജീവിതം.

2014ൽ സംസ്ഥാന സർക്കാറിന്റെ വനിതാരത്‌നം അവാർഡ് നേടി. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്വപ്നങ്ങൾക്ക് ചിറകുണ്ട്, റാബിയയുടെ ആത്മകഥയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com