അമ്മയ്ക്കും സഹോദരിക്കും ഡിപ്രഷന്‍; വീട്ടില്‍ നിന്നും മാറിനിന്ന അച്ഛനെ തിരിച്ചു കൊണ്ടുവന്നത് സഹോദരി; കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

അമ്മയുടെ ഭീഷണി കാരണം കഴിഞ്ഞ ഒരാഴ്ചയായി ഓം പ്രകാശ് തന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും മകന്‍ പറഞ്ഞു
അമ്മയ്ക്കും സഹോദരിക്കും ഡിപ്രഷന്‍; വീട്ടില്‍ നിന്നും മാറിനിന്ന അച്ഛനെ തിരിച്ചു കൊണ്ടുവന്നത് സഹോദരി; കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍
Published on

അമ്മ പല്ലവിയും തന്റെ സോഹദരിയും ഏറെ നാളായി ഡിപ്രഷന്‍ അനുഭവിക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്‍റെ മകൻ. തന്റെ അമ്മയും അച്ഛനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും ജീവന് ഭീഷണിയുണ്ടായിരുന്നതിനാല്‍ അച്ഛൻ വീട്ടില്‍ നിന്നും മാറി നിന്നിരുന്നുവെന്നും മകന്‍ കാര്‍ത്തിക്കിന്‍റെ പരാതിയില്‍ പറയുന്നു.

അമ്മയ്ക്ക് മാത്രമല്ല, തന്റെ സഹോദരിക്കും പിതാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന സംശയവും കാര്‍ത്തിക്ക് ഉയര്‍ത്തുന്നു. കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഇട്ടത്.

കര്‍ണാടകയിലെ ഗോള്‍ഫ് ക്ലബില്‍ ഇരിക്കുന്ന സമയത്താണ് താന്‍ പിതാവിന്റെ മരണ വാര്‍ത്തയറിയുന്നത്. അമ്മയുടെ ഭീഷണി കാരണം കഴിഞ്ഞ ഒരാഴ്ചയായി ഓം പ്രകാശ് തന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും മകന്‍ പറഞ്ഞു.

'ഇതിന് ശേഷം എന്റെ അനിയത്തി കൃതി അച്ഛന്റെ സഹോദരി (സരിത കുമാരി)യുടെ വീട്ടില്‍ പോവുകയും അച്ഛനെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. ഡിപ്രഷന്‍ അനുഭവിക്കുന്ന ഇരുവരും അച്ഛനുമായി നിരന്തരം കലഹിക്കുമായിരുന്നു,' പരാതിയില്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മുന്‍ ഡിജിപിയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത താന്‍ അറിയുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് വികാശ് കുമാര്‍ വികാശ് പറഞ്ഞു. മൃതദേഹത്തിനരികെ മൂര്‍ച്ചയുള്ള ആയുധം കിടന്നിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് അവിടെ മൂന്ന് പേര്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊലപാതകത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മുന്‍ഡിജിപിയുടെ ഭാര്യ നിരവധി മെസേജുകള്‍ അയച്ചിരുന്നു. ഓം പ്രകാശ് തന്റെയും മകളുടെയും ജീവന് ഭീഷണിയാണെന്നായിരുന്നു മെസേജ്. ഗുരുതരമായ ഗാര്‍ഹിക പീഡനങ്ങള്‍ തങ്ങള്‍ അനുഭവിച്ച് വരുന്നതായും അദ്ദേഹം അതിനായി ഉപയോഗിക്കുന്നത് അത്യധികം ആധുനികമായ ഉപകരണങ്ങള്‍ ആണെന്നും മെസേജില്‍ പറയുന്നുണ്ടായിരുന്നു.

കൊലപാതകത്തിന് പിന്നാലെ പല്ലവി മറ്റൊരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് 'ഞാന്‍ ആ രാക്ഷസനെ കൊലപ്പെടുത്തി' എന്ന വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവരാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഭാര്യയെയും മകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഏകദേശം 12 മണിക്കൂറോളമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. എച്ച്എസ്ആര്‍ ലേ ഔട്ടിലെ വസതിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

ബന്ധുവിന് കൈമാറിയ സ്വത്തിനെ ചൊല്ലി ഓം പ്രകാശും പല്ലവിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുസംബന്ധിച്ച പരാതി നല്‍കാന്‍ പല്ലവി എച്ച് എസ് ആര്‍ പൊലീസ് സ്റ്റേഷനിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

പല്ലവി മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൊലപാതകത്തില്‍ ഇരുവരുടെയും മകള്‍ കൃതിക്ക് പങ്കുണ്ടോ എന്ന് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഓം പ്രകാശിന്റെ മകന്‍ കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ അടുത്ത സഹായികളില്‍ ചിലരോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 68കാരനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായിരുന്നു. ജിയോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎസ്സി) നേടിയ അദ്ദേഹം 2015 മാര്‍ച്ച് 1ന് കര്‍ണാടക ഡിജിപിയായി നിയമിതനായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com