
വിവാദമായ 'പഹല്‍ഗാം' പരാമര്‍ശത്തിനു പിന്നാലെ കന്നഡ ചിത്രത്തില്‍ നിന്ന് സോനു നിഗമിന്റെ പാട്ട് ഒഴിവാക്കി. കെ. രാംനാരായണന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന കുലദല്ലി കീള്യാവുദോ എന്ന ചിത്രത്തിനായി സോനു നിഗം പാടിയ മനസു ഹാഡ്‌ടദെ... എന്ന പാട്ടാണ് ഒഴിവാക്കിയത്. കന്നഡയോട് സോനു നിഗം കാണിച്ച അവഹേളനം സഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവാദ പരാമര്‍ശത്തില്‍ സോനുവിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സോനുവുമായി സഹകരിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കിയിരുന്നു. പിന്നാലെ സോനു മാപ്പ് പറഞ്ഞെങ്കിലും
"സോനു നിഗം മികച്ച ഗായകനാണെന്നതില്‍ സംശയമില്ല. എന്നാല്‍ അടുത്തിടെ സംഗീത പരിപാടിയില്‍ കന്നഡയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് വളരെ അസ്വസ്ഥത ഉണ്ടാക്കി. കന്നഡയോട് സോനു നിഗം കാണിച്ച അവഹേളനം സഹിക്കാനാവില്ല. അതുകൊണ്ടാണ് ചിത്രത്തില്‍നിന്ന് പാട്ട് ഒഴിവാക്കുന്നത്"- രാംനാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യോഗരാജ് ഭട്ട് വരികളെഴുതി മനോമൂര്‍ത്തി ഈണമിട്ട പാട്ട് സോനു നിഗവും ഇന്ദു നാഗരാജും ചേര്‍ന്നാണ് പാടിയിരുന്നത്. ഇതില്‍ സോനു നിഗമിന്റെ ഭാഗം കന്നഡ ഗായകന്‍ ചേതനെ കൊണ്ട് വീണ്ടും പാടിപ്പിച്ച്, ചിത്രത്തില്‍ ഉള്‍പ്പെടുത്താനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. ഭാവി പ്രോജക്ടുകളില്‍ സോനു നിഗമിനെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാവ് സന്തോഷ് കുമാറും അറിയിച്ചു.
കര്‍ണാടകയിലെ വിർഗോനഗറിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഏപ്രിൽ 25-26 തീയതികളില്‍ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദ പരാമര്‍ശം. കന്നഡ ഗാനം പാടണമെന്ന് ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അത് തുടര്‍ന്നപ്പോള്‍, സോനു മറുപടിയുമായെത്തി. "കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഞാൻ പാടിയിട്ടുണ്ട്. വളരെയധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ കര്‍ണാടകയിലേക്ക് വരുന്നത്. നിങ്ങളെല്ലാവരും എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിഗണിക്കുന്നത്. ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ കന്നഡ പാട്ടുകൾ പാടാറുണ്ട്. ആ ചെറുപ്പക്കാരൻ ജനിക്കുന്നതിനു മുന്‍പേ ഞാൻ കന്നഡയിൽ പാടിയിട്ടുണ്ട്. എന്നാല്‍ അവൻ 'കന്നഡ, കന്നഡ' എന്ന് ആക്രോശിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇത്തരത്തിലുള്ള പെരുമാറ്റം മൂലമാണ് പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്" -സോനു മറുപടിയായി പറഞ്ഞു.
സോനുവിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.ചലച്ചിത്ര നിര്‍മാതാവ് കാര്‍ത്തിക് ഗൗഡ, കന്നഡ ആക്ടിവിസ്റ്റ് എസ്.ആര്‍. ഗോവിന്ദു ഉള്‍പ്പെടെ പ്രമുഖര്‍ സോനുവിനെതിരെ രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നഡ അനുകൂല സംഘടന നല്‍കിയ പരാതിയില്‍ അവല്‍ഹള്ളി പൊലീസ് സോനുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കന്നഡ ഗാനത്തിനായുള്ള ആവശ്യമല്ല, മറിച്ച് ഭീഷണിയാണ് നേരിടേണ്ടിവന്നത് എന്നായിരുന്നു സോനു സമൂഹമാധ്യമങ്ങളില്‍ ആദ്യം പ്രതികരിച്ചത്. പിന്നാലെ, സോനുവിനെതിരെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും രംഗത്തെത്തി. സോനുവുമായി ഇനി സഹകരിക്കരുതെന്നായിരുന്നു സംഘടനയുടെ ആവശ്യം. തുടര്‍ന്നാണ് സോനു ഖേദം പ്രകടിപ്പിച്ചത്. എന്റെ സ്നേഹം എന്റെ ഈഗോയേക്കാള്‍ വലുതാണ് എന്നായിരുന്നു സോനുവിന്റെ പ്രതികരണം.