ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയായി നയാബ് സിങ്ങ് സൈനി തന്നെ തുടരുമെന്ന് സൂചന

90 നിയമസഭാ സീറ്റുകളിൽ 48ലും മുന്നിട്ടു നിൽക്കുന്ന ബിജെപി, ഹാട്രിക് വിജയം നേടുമെന്ന പ്രതീക്ഷയിലാണ്
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയായി നയാബ് സിങ്ങ് സൈനി തന്നെ തുടരുമെന്ന് സൂചന
Published on


ഹരിയാനയിലെ മുഖ്യമന്ത്രി പദം സിറ്റിങ്ങ് മുഖ്യമന്ത്രി നയാബ് സിങ്ങ് സൈനിക്ക് തന്നെ നൽകിയേക്കുമെന്ന് സൂചന നൽകി ബിജെപി. ഇതോടെ നയാബ് സിങ്ങ് സൈനിക്ക് കാര്യക്ഷമത ഇല്ലെന്നും മുഖ്യമന്ത്രി പദം മറ്റ് നേതാക്കൾക്ക് കൈമാറുമെന്നുമുള്ള ഊഹാപോഹങ്ങൾക്ക് വിരാമമാവുകയാണ്. 90 നിയമസഭാ സീറ്റുകളിൽ 48ലും ബിജെപി വിജയിച്ച് ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ്ങ് സൈനി തന്നെ തലപ്പത്ത് തുടരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും, നേതാവിൻ്റെ സമുദായവും ഹ്രസ്വകാല പ്രവർത്തന പരിചയവും കണക്കിലെടുത്ത് മാറ്റമുണ്ടാവുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള ഹരിയാനയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നയാബ് സൈനിക്ക് മുഖ്യമന്ത്രി പദം നൽകണോ എന്നായിരുന്നു പാർട്ടിയിലെ ചർച്ച.

തെരഞ്ഞെടുപ്പിന് 200 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നയാബ് സിങ്ങ് സൈനിയെ ബിജെപി തെരഞ്ഞെടുക്കുന്നത്. ഭരണവിരുദ്ധ വികാരം  നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ തന്ത്രപരമായ പുനഃസംഘടനയുടെ ഭാഗമായിരുന്നു സൈനിയുടെ മുന്നേറ്റം. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച ബിജെപി, പിന്നാലെ ഖട്ടറിന് കേന്ദ്രമന്ത്രി പദവി നൽകുകയും ചെയ്തു. ഇതോടെ മനോഹർ ലാൽ ഖട്ടറിൻ്റെ വ്യക്തമായ പിന്തുണ സൈനിക്ക് ലഭിച്ചിരുന്നു.

പരമ്പരാഗത ജാട്ട് ഇതര വോട്ടർ അടിത്തറ ഏകീകരിക്കാനുള്ള ബിജെപി തന്ത്രത്തിൻ്റെ ഭാഗമായിരുന്നു ഈ നീക്കം. ജാട്ട് വോട്ടുകൾ കോൺഗ്രസിനും, ജാട്ട് പാർട്ടികളായ ഐഎൻഎൽഡിയും ജനനായക് ജനതാ പാർട്ടിയിലുമായി ഭിന്നിച്ചേക്കുമെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാൽ ജാട്ട് ആധിപത്യമുള്ള 70 ശതമാനം സീറ്റുകളിലും ബിജെപി ഇപ്പോൾ മുന്നിട്ട് നിൽക്കുകയാണ്. പട്ടികജാതിക്കാർക്ക് ആധിപത്യമുള്ള സീറ്റുകളിലും പാർട്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.


വ്യാപാരികൾ, യുവാക്കൾ, പിന്നാക്കവിഭാഗക്കാർ, സർക്കാർ ജീവനക്കാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻസൈനിക്ക് കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നൽകുന്നതിനായും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തടയിടാനുമായി സൈനി സംസ്ഥാനത്ത് 'ഹരിയാന അഗ്നിവീർ പോളിസി' ആരംഭിച്ചിരുന്നു. നിർധനരായ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ വൈദ്യപരിശോധന നടത്താനും, വൈദ്യുതിയുടെ മിനിമം ചാർജ് ഒഴിവാക്കാനുമുള്ള പദ്ധതികൾക്കും സൈനി തുടക്കമിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com